'നിറഞ്ഞുചിരിക്കുന്ന പ്രേക്ഷകരെ തീയേറ്ററില്‍ കണ്ടിരുന്നു, പക്ഷേ..'; സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി അഭിമുഖം
'സോഷ്യല്‍ മീഡിയപ്രമോഷനിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്തിയില്ല എന്നതാണ് വാസ്തവം. അവസാന നിമിഷം അതിനെപ്പറ്റി ഒരു പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ശരിയല്ല...', ജെനിത് കാച്ചപ്പിള്ളി സംസാരിക്കുന്നു.
'എന്റെ സിനിമ ഒരു മഹത്തായ കലാസൃഷ്ടിയാണെന്ന് എനിക്ക് അവകാശവാദമില്ല. ഇത് ഒരു പരീക്ഷണ ചിത്രമായിരുന്നു. ചിത്രം കണ്ട പ്രേക്ഷകരെല്ലാം നന്നായി ആസ്വദിച്ചു. നിങ്ങള്‍ പ്രേക്ഷകര്‍ ഒന്ന് മനസ് വെച്ചാല്‍ ഈ ചിത്രം വിജയിപ്പിക്കാനാവും.' കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി പറഞ്ഞ വാക്കുകളാണിത്. ഒരു ചിത്രം പുറത്തിറങ്ങിയിട്ട് ഒരാഴ്ച്ച തികയുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു ലൈവുമായി സംവിധായകന്‍ എത്തുന്നത്. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ വിഭാഗത്തിലാണ് ജെനിത്, മറിയം വന്ന് വിളക്കൂതി ഒരുക്കിയത്. പ്രേമം സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം തിളങ്ങിയ താരനിരയാണ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തിയത്. സോഷ്യല്‍ മീഡിയപ്രമോഷനിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ത് കൊണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നില്ല? 'കഞ്ചാവ് സിനിമ' എന്ന ആരോപണത്തെ എങ്ങനെ കാണുന്നു? സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി മനു വര്‍ഗീസ് നടത്തിയ അഭിമുഖം.
പബ്ലിസിറ്റിയില്‍ പ്രശ്‌നം വന്നു
സോഷ്യല്‍ മീഡിയപ്രമോഷനിലൂടെ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്തിയില്ല എന്നതാണ് വാസ്തവം. അവസാന നിമിഷം അതിനെ പറ്റി ഒരു പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ശരിയല്ല, ഓണ്‍ ഗ്രൗണ്ടിലെ പബ്ലിസിറ്റിയില്‍ പ്രശ്‌നങ്ങള്‍ വന്നു. സിനിമ കണ്ടവര്‍ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. തിയേറ്ററില്‍ ചിത്രം കണ്ട് നിറഞ്ഞു ചിരിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെ ഞാന്‍ കണ്ടിരുന്നു. പക്ഷെ പലര്‍ക്കും ഇങ്ങനെ ഒരു ചിത്രം ഇറങ്ങിയതായി പോലും അറിയില്ല. അത് ശരിക്കും പബ്ലിസിറ്റിയിലുണ്ടായ പ്രശ്‌നമാണ്. നമ്മുടെ സിനിമയിലെ താരങ്ങള്‍ക്കും ഗ്രൗണ്ട് പ്രമോഷന് ഇറങ്ങാന്‍ സാധിച്ചില്ല. പലരും ഷൂട്ടിംഗ് തിരക്കിലായിപ്പോയി. സിനിമ ലക്ഷ്യംവെക്കുന്നത് യൂത്തിനെയാണ്. മൂന്ന് വര്‍ഷത്തോളമുള്ള കഷ്ടപാടിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. സ്റ്റോണര്‍ കോമഡി ആയതുകൊണ്ട് തന്നെ കണ്ടവരെല്ലാം സപ്പോര്‍ട്ട് ചെയ്യണമെന്നുമില്ല. ഓണ്‍ ഗ്രൗണ്ടിലെ പബ്ലിസിറ്റിയിലുണ്ടായ പാളിച്ച ചിത്രത്തെ പ്രതികൂലമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്.
നൊസ്റ്റാള്‍ജിയ തരുന്ന സിനിമാപ്പേര്
മന്ദാകിനിയെന്നാണ് ആദ്യം സിനിമയ്ക്കിട്ട പേര്. പടം വൈകിയതിനിടയില്‍ മന്ദാരവും ഡാകിനിയും ഇറങ്ങി. പിന്നെയാണ് മറിയം വന്ന് വിളക്കൂതിയിലേക്ക് എത്തിയത്. ഡിസ്ട്രിബ്യൂട്ടര്‍ വേറെ പേര് വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഈപേരിനെക്കുറിച്ച് പറയുന്നത്. ഈ പേര് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. കഥയ്ക്ക് ഏറ്റവും അനുയോജ്യമായി തന്നെയാണ് ഈ പേര് തോന്നിയത്. പിന്നെ എല്ലാത്തിനും സപ്പോര്‍ട്ടായി നിന്ന നിര്‍മ്മാതാവ് തന്നെയാണ് ഞങ്ങളുടെ കരുത്ത്.
കൈയ്യടി നേടി അല്‍ത്താഫും സേതുലക്ഷ്മിയും
ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഏറ്റവുമധികം അഭിപ്രായം കിട്ടിയത് അല്‍ത്താഫിനും സേതുലക്ഷ്മി ചേച്ചിക്കുമാണ്. നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് അല്‍ത്താഫ് അവതരിപ്പിച്ചത്. മറിയാമ്മ ജോര്‍ജ് എന്നാണ് സേതുലക്ഷ്മി ചേച്ചി ചെയ്യുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഈ കഥാപാത്രം ചേച്ചി തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് നമ്പൂതിരി എന്ന കഥാപാത്രത്തിലേക്ക് അല്‍ത്താഫിനെ കാസ്റ്റ് ചെയ്തത്. അത് ഏറ്റവും മികച്ച തീരുമാനമായാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള അഭിപ്രായം കേട്ടപ്പോള്‍ മനസിലായത്.
.
ചിത്രത്തിലെ ആനിമേഷന്‍ സാധ്യതകള്‍
2D അനിമേഷന്‍ സാധ്യതകളെ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. കിളികള്‍ വരെ ഇതില്‍ കഥാപാത്രങ്ങളാണ്. കണ്ടുകഴിയുമ്പോള്‍ അത് മനസിലാവും. 3D യിലാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ബജറ്റ് ചര്‍ച്ചയായപ്പോള്‍ പിന്നെ അത് നടന്നില്ല. ലൈവ് സിനിമയില്‍ ആനിമേഷന്‍ വരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനിമേഷന്‍ ചെയ്തിരിക്കുന്നത് സ്റ്റുഡിയോ കോക്കാച്ചിയാണ്.
കഞ്ചാവ് സിനിമ എന്ന ആരോപണം
എല്ലാ സിനിമയും എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തണമെന്നില്ല. പലര്‍ക്കും പല അഭിപ്രായമാണുള്ളത്. തിയേറ്റില്‍ സിനിമ മുഴുവന്‍ ചിരിച്ച് കണ്ടിരുന്നവരില്‍ ചിലര്‍ തന്നെ വെളിയിലിറങ്ങിക്കഴിയുമ്പോള്‍ ഓ ഇത് ഒരു ചിരിപ്പടമല്ലേ ഇത് എന്ത് കാണാനാണ് എന്ന് പറയും.
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ ഇപ്പോള്‍ സംവിധായകനും
റേഡിയോ ജോക്കി ആയിട്ടാണ് എന്റെ തുടക്കം. പിന്നെ സിനിമയിലേക്ക് ഒരു ചവിട്ടുപടി എന്നപോലെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. പിന്നീട്'കഥയില്ലാത്ത കഥകള്‍' എന്ന പുസ്തകം 2015-ലാണ് പ്രസിദ്ധീകരിക്കുന്നത്. അത് ജീവിതത്തിലെ വലിയ ഒരു തുടക്കമായിരുന്നു.