വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി: ദേവിക സഞ്ജയ് ആദ്യമായി നായിക വേഷത്തിൽ
ദേവിക സഞ്ജയ് ആദ്യമായി നായിക വേഷത്തിൽ.
കരിയറിലെ ആദ്യ രണ്ട് സിനിമകളും ദേവി സഞ്ജയ് അഭിനയിച്ചത് സത്യൻ അന്തിക്കാട് സിനിമകളിൽ. 'ഞാൻ പ്രകാശൻ', 'മകൾ' സിനിമകളിലെ കൗമാരക്കാരിയുടെ വേഷങ്ങൾക്ക് ശേഷം, ആദ്യമായി ദേവിക നായിക വേഷത്തിലെത്തുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തീയേറ്ററുകളിലെത്തി. ദേവിക സഞ്ജയ് സംസാരിക്കുന്നു.
സത്യൻ അന്തിക്കാടിന്റെ 'മകൾ', 'ഞാൻ പ്രകാശൻ' സിനിമകളിൽ കൗമാരക്കാരിയായിരുന്നു ദേവിക. 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലൂടെ നായികയാകുകയാണ്. കഥാപാത്രത്തെക്കുറിച്ച് പറയൂ...
എന്റെ കഥാപാത്രത്തിന്റെ പേര് ജാനകി ജയൻ എന്നാണ്. തന്റെ കുടുംബത്തിൽ ജാനകി കാരണം ഉണ്ടായ പ്രശ്നങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ് ജാനകി. അത് തന്നെയാണ് എന്നെ ഈ റോളിനോട് കൂടുതൽ അടുപ്പിച്ചത്. അവനവനെക്കുറിച്ച് മാത്രം എല്ലാവരും ചിന്തിക്കുന്ന ഈ പുതിയ സമൂഹത്തിൽ അച്ഛനോടും അമ്മയോടുമുള്ള അടുപ്പം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമാണിത്.
എങ്ങനെയാണ് ദേവിക ഈ സിനിമയിൽ എത്തുന്നത്?
റാഫി സാറിന്റെ (തിരക്കഥാകൃത്ത്) ഭാര്യയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞങ്ങൾ തമ്മിൽ പരിചയമൊന്നുമില്ല. പക്ഷേ, സത്യൻ അന്തിക്കാട് സിനിമകളിൽ എന്നെ കണ്ട ഓർമ്മയിൽ എന്റെ പേര് നിർദേശിച്ചതാണ്.
സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശനി'ൽ എങ്ങനെയാണ് അവസരം കിട്ടുന്നത്?
എന്റെ പഴയ സ്കൂളിലെ ടീച്ചർ വഴിയാണ് ഞാൻ സിനിമയിലെത്തുന്നത്. സത്യത്തിൽ എന്റെ സുഹൃത്തിനായിരുന്നു അവസരം കിട്ടിയത്. അവൾ അഭിനയിക്കാൻ താൽപര്യം കാണിച്ചില്ല. ഞാൻ സ്കൂളിൽ പണ്ട് മുതലെ ആക്റ്റീവ് ആയിരുന്നു. നാടകങ്ങളൊക്കെ എഴുതും, അഭിനയിക്കും. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് അതെല്ലാം ചെയ്തത്. പക്ഷേ, ശരിക്കും അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് എത്രമാത്രം ഇതിനോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നെ മനസ്സിലായി ഈ പണി തന്നെ ചെയ്താൽ മതിയെന്ന്.
'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ നാദിർഷയാണ് സംവിധായകൻ. എങ്ങനെയായിരുന്നു അനുഭവം?
എല്ലാവരെയും വളരെ കംഫർട്ടബൾ ആക്കാൻ ശ്രമിക്കുന്നയാളാണ് അദ്ദേഹം. ഒന്നിനും ദേഷ്യം വരാത്ത, നെഗറ്റീവ് ആയ ഫീലിങ് ഒന്നും ഇല്ലാത്ത മനുഷ്യനാണ്. ഞാൻ ഈ സിനിമയിലേക്ക് വരുന്നതിന് മുൻപ് സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിച്ച പരിചയം മാത്രമേയുള്ളൂ. അവിടെ സെറ്റ് ഒരു വീട് പോലെയാണ്. ഇവിടെ വന്നപ്പോൾ ആകെ സംശയമായിരുന്നു. പക്ഷേ, ഇവിടെയും എല്ലാം അതുപോലെ തന്നെ. എല്ലാവരും നല്ല ആളുകൾ.
ദേവികയുടെ സിനിമയിലെ തുടക്കം തന്നെ രണ്ട് സത്യൻ അന്തിക്കാട് സിനിമകൾ. പലരും ആഗ്രഹിക്കുന്ന അവസരം. ഇതേക്കുറിച്ച് ചിന്തിച്ചിരുന്നോ?
തീർച്ചയായും. ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. സത്യൻ സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നത് എന്നത് തുടക്കം മുതൽ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ചെറുപ്പത്തിൽ സത്യൻ സാറിന്റെ സിനിമകൾ കണ്ട് വളർന്നയാളാണ് ഞാൻ. ഇങ്ങനെയൊരു അവസരം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഞാൻ വളരെ ഗ്രേറ്റ്ഫുൾ ആണ്.