'പുതുതലമുറയെയും ക്രിഞ്ച് അടിപ്പിക്കുന്നില്ല'; മാടമ്പിള്ളിയിലെ കാഴ്ച മടുക്കാത്തതെന്തുകൊണ്ട്? ബിനു പപ്പു അഭിമുഖം
"പഴയ പല സിനിമകളിലെയും സീനുകൾ കാണുമ്പോൾ ഇന്നത്തെ തലമുറ ക്രിഞ്ച് അടിക്കുന്നുവെന്ന് പറയാറുണ്ട്. എന്നാൽ അവരെയും ക്രിഞ്ച് അടിപ്പിക്കാത്ത സിനിമയാണ് മണിച്ചിത്രത്താഴ്"
മണിച്ചിത്രത്താഴ് പോലെ മലയാളി സിനിമാപ്രേമി ഇത്രയും ആവര്‍ത്തിച്ച് കണ്ട സിനിമകള്‍ അധികമില്ല. എത്ര ആവര്‍ത്തിച്ചുള്ള കാഴ്ചകള്‍ക്ക് ശേഷം പുതുമ ബാക്കിവെക്കുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ അപൂര്‍വ്വത. 31 വര്‍ഷങ്ങള്‍ക്കിപ്പുറം റീമാസ്റ്റര്‍ ചെയ്യപ്പെട്ട പതിപ്പ് 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശബ്ദ വിന്യാസങ്ങളില്‍ ഒരിക്കല്‍ക്കൂടി കാണാനൊരുങ്ങുകയാണ് മലയാളി. റീ റിലീസിനോടനുബന്ധിച്ച് മലയാളികളുടെ ഈ പ്രിയ ചിത്രം വ്യക്തിപരമായി തനിക്ക് എത്രത്തോളം പ്രധാനമാണെന്ന് പറയുകയാണ് നടനും കോ- ഡയറക്ടറുമായ ബിനു പപ്പു. തന്‍റെ അച്ഛന്‍ കുതിരവട്ടം പപ്പു ഉള്‍പ്പെടെയുള്ളവര്‍ തകര്‍ത്താടിയ മണിച്ചിത്രത്താഴ് ഒരു ചലച്ചിത്ര വിദ്യാര്‍ഥി ആയപ്പോള്‍ കണ്‍മുന്നില്‍ ആകാശത്തോളം വളര്‍ന്നതിനെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മനസ് തുറക്കുന്നു.
പിൻഗാമിയുടെ സെറ്റിൽ നിന്നുള്ളതെന്ന് തോന്നിപ്പിക്കുന്ന, മോഹൻലാലിനൊപ്പമുള്ള ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അച്ഛനൊപ്പം സിനിമാ സെറ്റുകളിൽ പോകുന്നത് പതിവായിരുന്നോ?
സ്ഥിരമായിട്ടൊന്നും പോവാറുണ്ടായിരുന്നില്ല. പിൻഗാമിയുടെ സെറ്റ് കോഴിക്കോട് ആയതുകൊണ്ട് പോവാൻ പറ്റിയതാണ്. കോഴിക്കോട് മാവൂരും പെരുവയലും ഒക്കെയായിരുന്നു ആ സിനിമയുടെ ചിത്രീകരണം. അങ്ങനെ അച്ഛന്‍റെ കൂടെ പോയതാണ്. സിനിമാ സെറ്റുകളിൽ ഒപ്പം പോവാൻ അച്ഛൻ സമ്മതിക്കുക വെക്കേഷൻ സമയത്താണ്. സ്കൂളിൽ ലീവ് എടുത്തിട്ടുള്ള കളികൾക്കൊന്നും അച്ഛൻ കൂട്ടുനിൽക്കാറില്ല. ഇത് ശനിയോ ഞായറോ എന്തോ ആയിരുന്നു. അന്ന് ഞാൻ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ ആയിരുന്നു.
മണിച്ചിത്രത്താഴിന്‍റെ സെറ്റിൽ പോയിട്ടുണ്ടോ?
ഇല്ല
കുട്ടിക്കാലത്ത് ഒരു പ്രേക്ഷകൻ എന്ന നിലയിൽ മണിച്ചിത്രത്താഴ് ഉണ്ടാക്കിയ അനുഭവം എന്തായിരുന്നു, ഓർമ്മയുണ്ടോ?
നല്ലവണ്ണം പേടിച്ചിട്ടാണ് ആ സിനിമ ഞാൻ കണ്ടത്. പകുതി മുക്കാൽ സീനുകളും കണ്ണ് പൊത്തി, വിരലിന്‍റെ ഇടയിൽക്കൂടിയാണ് അന്ന് കണ്ടത്. ശോഭന വരുന്ന പകുതി സീനുകളും അങ്ങനെതന്നെ. മ്യൂസിക് തുടങ്ങുമ്പോൾത്തന്നെ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് നമുക്ക് മനസിലാവുമല്ലോ. ചെവിയും കണ്ണുമൊക്കെ പൊത്തിയിട്ടാണ് അക്കാലത്ത് ആ സിനിമ കണ്ട് തീർത്തിട്ടുള്ളത്. പിന്നീട് കാസറ്റ് എടുത്ത് കാണുമ്പോഴും മൊത്തത്തിൽ ഈ സിനിമ ആസ്വദിക്കാൻ പറ്റിയിട്ടില്ല, പേടി കാരണം. ഹൈസ്കൂളിലൊക്കെ എത്തിയിട്ട്, ടിവിയിൽ വരുമ്പോഴാണ് അത്തരം ഭയമൊക്കെ മാറിയിട്ട് മണിച്ചിത്രത്താഴ് പൂർണ്ണമായും ആസ്വദിക്കാൻ കഴിഞ്ഞത്. ഈ സിനിമയെക്കുറിച്ച് പിന്നെയും മനസിലാക്കുന്നത്, അതിന്‍റെ ടോട്ടാലിറ്റിയിൽ അറിയുന്നത് ഡിഗ്രി കാലഘട്ടമൊക്കെ എത്തുമ്പോഴാണ്. ഇതുവരെ ഉണ്ടായ മലയാള സിനിമകളില്‍ ഇത്രയും കറ തീർത്ത ഒരു സിനിമ വേറെ ഉണ്ടായിട്ടില്ല. ഇന്നേവരെ ഒരു നെഗറ്റീവ് റിവ്യൂ കിട്ടാത്ത സിനിമയല്ലേ. പഴയ പല സിനിമകളിലെയും സീനുകൾ കാണുമ്പോൾ ഇന്നത്തെ തലമുറ ക്രിഞ്ച് അടിക്കുന്നുവെന്ന് പറയാറുണ്ട്. എന്നാൽ അവരെയും ക്രിഞ്ച് അടിപ്പിക്കാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. ഏത് കാലഘട്ടത്തിലും ഈ സിനിമയിലെ വിഷയത്തിന്‍റെ പുതുമ അവിടെ നിൽക്കുന്നു.
പിന്നെ നമ്മൾ സിനിമയിലേക്ക് വന്നു. സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നു. അപ്പോൾ നമുക്ക് മണിച്ചിത്രത്താഴ് പോലെ ഇത്രയും നല്ല ഒരു സ്റ്റഡി മെറ്റീരിയൽ വേറെ ഇല്ല. കാരണം എല്ലാ തരത്തിലും കറ തീർത്ത ഒരു സിനിമയാണ് അത്. പല ഭാഷകളിലേക്ക് അത് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിന്‍റെ മണിച്ചിത്രത്താഴ് ഇപ്പോഴും ഒരു മാസ്റ്റർക്ലാസ് സിനിമയായി നിൽക്കുന്നുണ്ട്. അതിന് ഒരു കേടുപാടും പറ്റിയിട്ടില്ല. തമിഴിൽ രജനികാന്തിനെപ്പോലെ ഒരു സൂപ്പർസ്റ്റാർ ആണ് ആ പടം ചെയ്തത്. എന്നിരുന്നാലും അതിനെ സ്വീകരിക്കാൻ നമുക്ക് ഇപ്പോഴും പറ്റിയിട്ടില്ല. ഇതൊന്ന് കണ്ടുനോക്ക് അപ്പോൾ അറിയാം എന്ന മൈൻഡ് ആണ് നമുക്ക്. കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ സിനിമ വന്നു. ജ്യോതിക, സൗന്ദര്യ, വിദ്യ ബാലൻ എന്നിവരൊക്കെ നാഗവല്ലിയെ പുനരാവിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിൽ ശോഭനയാണ് ബെസ്റ്റ്. നാഗവല്ലി എന്നത് ഇത്രയും ഒരു ഡ്രീം ക്യാരക്റ്റർ ആക്കി ചെയ്തത് അവരാണ്.
ഒരു സിനിമാ ആസ്വാദകനായിട്ടും പ്രവർത്തകനായിട്ടും നോക്കിക്കഴിഞ്ഞാൽ ശോഭന മാം ആണ് അതിനെ 100 ശതമാനത്തിൽ എത്തിച്ച ആർട്ടിസ്റ്റ്. മറ്റുള്ളവർ മോശമാക്കി എന്നല്ല. പക്ഷേ അതിനെ ഓവർടേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. വേറെ പല റീമേക്കുകളും കണ്ടിട്ട് ഒറിജിനലിനേക്കാൾ നന്നായെന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഷാഹിദ് കപൂറിന്‍റെ കബീർ സിംഗ് ആണ് എനിക്ക് അര്‍ജുന്‍ റെഡ്ഡിയേക്കാള്‍ ഇഷ്ടമായത്. ഷാഹിദ് ആ കഥാപാത്രത്തെ ഒരു പടി മുകളിൽ ചെയ്തിട്ടുണ്ട്. പക്ഷേ മണിച്ചിത്രത്താഴിന്‍റെ കാര്യത്തിൽ പലർക്ക് പല അഭിപ്രായങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. എല്ലാം കൊണ്ടും, അതിന്‍റെ മേക്കിംഗ് ആണെങ്കിലും മ്യൂസിക് ആണെങ്കിലും പെർഫോമൻസ് ആണെങ്കിലുമൊക്കെ. ആർട്ടിസ്റ്റുകളൊക്കെ അത്രയും ജീവൻ കൊടുത്താണ് കഥാപാത്രങ്ങളെ ലൈവ് ആക്കി നിർത്തിയത്. ഉദാഹരണത്തിന് ഗണേഷേട്ടന്‍റെയൊക്കെ കഥാപാത്രം. എത്ര സിംപിൾ ആയാണ് ചെയ്ത് വച്ചിരിക്കുന്നത്. എനിക്ക് തോന്നുന്നില്ല അത് ഒരാൾക്ക് റീക്രിയേറ്റ് ചെയ്യാൻ കഴിയുമെന്ന്. പുതിയ തലമുറ പോലും ഈ സിനിമയെ അറിയുന്നു എന്നത് അതിശയമല്ലേ. എല്ലാ സിനിമയും അവർ കണ്ടിട്ടില്ലല്ലോ. നയന്‍റീസ് കിഡ്സ് ആണെങ്കിൽ പോലും അവർ ഈ സിനിമ 2000 ന് ശേഷമേ കാണൂ. എനിക്ക് തന്നെ കുട്ടിക്കാലത്ത് പേടിപ്പിക്കുന്ന ഒരു സിനിമ എന്നതായിരുന്നു മണിച്ചിത്രത്താഴ്. പിന്നീടാണ് ഈ ചിത്രം എൻജോയ് ചെയ്യുന്നത്.
ഫിലിംമേക്കിംഗിലേക്ക് എത്തിയതിന് ശേഷം ആലോചിച്ചിട്ടുണ്ടോ മണിച്ചിത്രത്താഴിന്‍റെ കാലാതിർത്തിയായ ഈ സ്വീകാര്യതയ്ക്ക് പിന്നിൽ എന്താണെന്ന്?
അതിന്‍റെ മേക്കിംഗിലുള്ള ക്വാളിറ്റി തന്നെയാണ് കാരണം. മധു മുട്ടം എന്നയാള് കറ തീർത്ത ഒരു സ്ക്രിപ്റ്റ് കൊടുത്തു. ആ തിരക്കഥയെ ഏറ്റവും മനോഹരമായി ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരാളുടെ മുന്നിലേക്കാണ് അത് വന്ന് കയറിയത്. ഫാസിൽ സാറിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ്സും അദ്ദേഹത്തിനൊപ്പം തന്നെ വളർന്ന ആൾക്കാരാണ്. പ്രിയദർശൻ സാർ ആണെങ്കിലും സിദ്ദിഖ്- ലാൽ ആണെങ്കിലും സിബി മലയിൽ ആണെങ്കിലുമൊക്കെ. അവരാണ് മണിച്ചിത്രത്താഴിലെ പല യൂണിറ്റ് ഡയറക്ടേഴ്സ്. വേണു സാർ, ആനന്ദക്കുട്ടൻ തുടങ്ങിയ ക്യാമറാമാന്മാർ. ഇത്രയും യൂണിറ്റ് ഡയറക്ടേഴ്സ് ഉള്ള ഒരു സിനിമ മലയാളത്തിൽ 1994 ൽ ആണെന്ന് ഓർക്കണം. അതിനുശേഷം ഇന്നേവരെ അങ്ങനെ ഒരു അറ്റംപ്റ്റ് ഇവിടെ ഉണ്ടായിട്ടില്ല. അത്രയും ആളുകളുടെ ചിന്ത ആ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അത് ഇത്രയും കറ തീർത്ത ഒരു സിനിമയാവുന്നത്. നന്നായി ചിന്തിച്ച്, ചർച്ച ചെയ്ത്, എക്സിക്യൂട്ട് ചെയ്ത സിനിമയാണ് മണിച്ചിത്രത്താഴ്.
ഞാനിപ്പോൾ ഒരു പടം എഴുതുന്നുണ്ട്, തരുൺ മൂർത്തിക്ക് വേണ്ടി. ആഷിക് ഉസ്മാൻ ആണ് പ്രൊഡ്യൂസ് ചെയ്യുന്നത്. അടുത്ത വർഷം അതിന്‍റെ ഷൂട്ട് തുടങ്ങും. അത് കഴിഞ്ഞിട്ട് എനിക്ക് സംവിധാനം ചെയ്യണമെന്നുണ്ട്. ആഷിക് അബു, സക്കറിയ. മുഹ്സിൻ പരാരി, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, സന്തോഷ് വിശ്വനാഥ്, രത്തീന അങ്ങനെ ഒരുപാട് സംവിധായകരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ചീഫ് ആയിട്ടും അസോസിയേറ്റ് ആയിട്ടും ഒക്കെ. എൽ 360 ൽ കോ- ഡയറക്ടർ ആണ്. നാളെ ഒരു പടം ചെയ്യുമ്പോൾ എന്ത് പടമാടോ ചെയ്ത് വച്ചിരിക്കുന്നത് എന്നൊരു ചോദ്യം വരരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ്. ഒരു മോശം സിനിമ ചെയ്യണമെന്നുവച്ച് ആരും ഇറങ്ങുന്നില്ല. പക്ഷേ പല കാരണങ്ങളാൽ ചില സിനിമകൾ മോശമായിപ്പോകുന്നു. അപ്പോൾ മണിച്ചിത്രത്താഴ് പോലെയുള്ള ഒരു സിനിമ എല്ലായ്പ്പോഴും നമ്മുടെ സ്റ്റഡി മെറ്റീരിയൽ ആണ്.
മോഹന്‍ലാല്‍ നായകനാവുന്ന എല്‍ 360 ല്‍ കോ- ഡയറക്ടര്‍ ആണ്. അനുഭവം എന്തായിരുന്നു?
എൽ 360 പോലെ ഒരു സിനിമയിൽ ഞാൻ വർക്ക് ചെയ്യുമ്പോൾ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷമെന്ന് പറയുന്നത് എൻറെ അച്ഛന്‍റെ കൂടെ വർക്ക് ചെയ്തവരാണ് ലാലേട്ടൻ, നിർമ്മാതാവ് രഞ്ജിത്തേട്ടൻ, മണിയൻപിള്ള രാജുച്ചേട്ടൻ, ഇർഷാദ് ഇക്ക എന്നിവരൊക്കെ. മറ്റൊരു വശത്ത് അച്ഛന്‍റെയൊപ്പം വർക്ക് ചെയ്തിട്ടില്ലാത്ത, എന്‍റെയൊപ്പം വർക്ക് ചെയ്തിട്ടുള്ളവർ. പക്ഷേ ഈ രണ്ട് കൂട്ടർക്കും എന്‍റെ അച്ഛനെ ഇഷ്ടമാണ്. പുള്ളിയോടുള്ള സ്നേഹമാണ് എനിക്ക് കിട്ടാറ്. അത് അങ്ങനെ തന്നെ കൊണ്ടുപോവുക എന്നത് എനിക്കുള്ള വലിയ ഉത്തരവാദിത്തമാണ്. ലാലേട്ടൻ കുട്ടിക്കാലത്ത് എന്നെ എങ്ങനെയാണോ പപ്പുച്ചേട്ടന്‍റെ മകൻ എന്ന് കണ്ടത്, ഇന്നും അതേ വാൽസല്യവും സ്നേഹവും ഒക്കെ തന്നെയാണ്.
മമ്മൂക്കയുടെ അടുത്തും അങ്ങനെ തന്നെയാണ്. ലാലേട്ടനേക്കാൾ കൂടുതൽ ഞാൻ വർക്ക് ചെയ്തത് മമ്മൂക്കയ്ക്കൊപ്പമാണ്. ഗ്യാങ്സ്റ്ററിൽ ഒപ്പം അഭിനയിച്ച് തുടങ്ങിയതാണ്. ബസൂക്കയിൽ പോലും ഞാൻ ഒരു സീനിലേ ഉള്ളൂ. പക്ഷേ അതിൽ മമ്മൂക്കയുമായാണ് സ്ക്രീൻ ഷെയർ ചെയ്യുന്നത്. മമ്മൂക്കയും ലാലേട്ടനും ഒരുപാട് പടങ്ങളിൽ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. അവർക്ക് ആ സ്നേഹം എപ്പോഴും എന്നോട് ഉണ്ട്. ആ സ്വാതന്ത്ര്യം എനിക്ക് അവരോടുമുണ്ട്.
സംവിധാന അരങ്ങേറ്റ ചിത്രം എന്നത്തേക്ക് പ്രതീക്ഷിക്കാം?
തരുൺ മൂർത്തിക്കുവേണ്ടി തിരക്കഥ എഴുതുന്ന സിനിമയുടെ എഴുത്ത് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അതിന്‍റെ ഷൂട്ട് അടുത്ത വർഷം പകുതിയോടെ തുടങ്ങണമെന്നാണ് ആഗ്രഹം. അത് റിലീസ് ആയതിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിക്കും. അതിന്‍റെയും എഴുത്ത് നടക്കുന്നുണ്ട്. മറ്റൊരാളാണ് എഴുതുന്നത്.
മലയാളത്തിൽ പഴയ സിനിമകൾ നൽകുന്ന റിപ്പീറ്റ് വാല്യു പുതിയ, വലിയ വിജയം നേടുന്ന സിനിമകൾക്കുപോലും ഇല്ലെന്ന് സിനിമാപ്രേമികൾ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ? എന്താണ് കാരണം?
എന്‍റെയൊരു തോന്നൽ ഇങ്ങനെയാണ്. ഇപ്പോഴുള്ള പല സിനിമകളും ട്രെൻഡിനൊത്താണ് സൃഷ്ടിക്കാറ്. ഡിടിഎസ്, ഡോൾബി അറ്റ്മോസിന് ഒക്കെ അനുസരിച്ച് ക്രിയേറ്റ് ചെയ്യുന്ന ലൗഡ് നോയിസ്, മ്യൂസിക്ക് ഒക്കെ ഇപ്പോഴത്തെ ചിത്രങ്ങളിലുണ്ട്. സൗണ്ടിംഗിനുവേണ്ടി പല സീനുകളും ആഡ് ചെയ്യാറുണ്ട്. അത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെട്ട ഒരു സിനിമയുടെ പൾസ് തിയറ്ററിലേ കിട്ടൂ. ടിവിയിൽ അത് കിട്ടില്ല. കാരണം എത്ര വീടുകളിൽ 5.1 സ്പീക്കറുകൾ ഉണ്ടാവും. ഇനി ഉള്ളവർ തന്നെ എത്ര ശബ്ദത്തിൽ വീട്ടിൽ ഒരു സിനിമ വെക്കും. അതുകൊണ്ട് തിയറ്ററിൽ കണ്ട ഫീൽ പിന്നീട് കിട്ടില്ല. അപ്പോൾ നമുക്ക് അത് ഒരു മോശം സിനിമയായി തോന്നും. പക്ഷേ അങ്ങനെ അല്ലാത്ത സിനിമകളും ഉണ്ട്. അതിന് റിപ്പീറ്റ് വാച്ചും കിട്ടുന്നുണ്ട്. കഥയെ നായകനാക്കി വെക്കുന്ന സിനിമകൾ വീണ്ടും ആളുകൾ കാണുന്നുണ്ട്. നാളെ ഞാൻ ഒരു സിനിമ എഴുതുമ്പോഴും ഈ പ്രതിസന്ധിയുണ്ട്.
റീ റിലീസിൽ മണിച്ചിത്രത്താഴ് കാണുമല്ലോ, അല്ലേ?
തീർച്ചയായും.