Udal Movie : 'എന്റെ ഉടൽ വച്ച് ഈ കഥാപാത്രം ചേരുമോയെന്ന് ശങ്കിച്ചു': ഉടലിലെ 'കുട്ടിച്ചായൻ' പറയുന്നു
നമ്മുടെ അറിവും അനുഭവങ്ങളും തന്നെയാണ് സിനിമ. ശരീരത്തിന്റെ ദാഹം പിടിച്ചു നിർത്തിയില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും എന്ന് തന്നെ പറയണം. നമ്മൾ സ്വയം സൂക്ഷിക്കേണ്ടതുണ്ട്.
തികച്ചും വ്യത്യസ്തമായ ആശയവും അവതരണവുമാണ് നവാഗത സംവിധായകൻ രതീഷ് രഘു നന്ദന്റെ സിനിമ 'ഉടൽ'(Udal). ഇന്ദ്രൻസും(Indrans) ദുർഗ കൃഷണയും ധ്യാൻ ശ്രീനിവാസനും മത്സരിച്ച് അഭിനയിച്ച ചിത്രം. ഇന്ദ്രൻസ് തന്നെയാണ് പ്രക്ഷകനെ ത്രസിപ്പിക്കുന്നതും ആകാംഷയിലേക്ക് നയിക്കുന്നതും. ഹോമിലെ ഒലിവർ ട്വിസ്റ്റിന് ശേഷം ഒട്ടേറെ ട്വിസ്റ്റുകളിലൂടെ തന്നെ സഞ്ചരിക്കുന്ന കഥാപാത്രമാണ് ഇന്ദ്രൻസിന്റെ ഉടലിലെ കുട്ടിച്ചായൻ. ഒരു മലയോര കുടിയേറ്റ കർഷകന്റെ ജിവിതത്തിലെ സാഹചര്യങ്ങളിൽ നിന്നുള്ള വേഷപകർച്ചയാണ് സിനിമ. ഉടലിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ഇന്ദ്രൻസ്. ബിദിൻ എം. ദാസ് നടത്തിയ അഭിമുഖം
വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഉടലിൽ അവതരിപ്പിക്കുന്നത്. എന്താണ് സിനിമയെ പറ്റി പറയാനുള്ളത്?
പറഞ്ഞത് പോലെ വ്യത്യസ്തമായ വിഷയമാണ് സിനിം പറയുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതും എന്നാൽ പറയാൻ മടിക്കുന്നതുമായ വിഷയം സിനിമ ചർച്ച ചെയ്യുകയാണ്. അങ്ങനെ ഒരു വിഷയം പറയുമ്പോഴേക്കും അതിൽ ഒരു കഥാപാത്രം കിട്ടുക എന്നത് സന്തോഷമാണ്. പ്രത്യേകിച്ച് എന്റെ ഉടൽ വച്ച് ചേരുമോയെന്നൊക്കെ ഞാൻ ശങ്കിച്ചിരുന്ന കഥാപാത്രം കിട്ടുമ്പോൾ വളരെ സന്തോഷം. അത് നന്നായി എന്ന് എല്ലാരും പറയുമ്പോൾ സന്തോഷത്തിന്റെ അളവ് കൂടുന്നു.
രൂപം പോലും സിനിമക്ക് വേണ്ടി പ്രത്യേകം പാകപ്പെടുത്തിയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെ ആയിരുന്നു തയ്യാറെടുപ്പുകൾ ?
മനസ്കൊണ്ട് ഒത്തിരി തയ്യാറെടുപ്പുകൾ വേണ്ടി വന്നു. കാരണം സംവിധായകൻ രതീഷ് രഘുനന്ദൻ കഥ പറയുമ്പോൾ തന്നെ ഈ കഥാപാത്രം അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പറഞ്ഞത് പോലെ എത്താൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. അത് അവതരിപ്പിക്കാൻ എനിക്ക് പറ്റുമോ എന്ന പേടിയൊക്കെയുണ്ടായിരുന്നു. പരീക്ഷ എഴുതാൻ പോകുന്നത് പോലെയുള്ള പേടിയായിരുന്നു. കുറെ ദിവസം കഴിഞ്ഞപ്പോൾ സംവിധായകൻ തന്നെ അതിലേക്ക് കൊണ്ട് പോയി. ആ ചുറ്റുപാട് അങ്ങനെ ആയിരുന്നു.
ഒരുപാട് വയലൻസും സംഘട്ടനവുമൊക്കെ നിറഞ്ഞതാണ് കഥാപാത്രം. മാഫിയ ശശി എങ്ങനെയാണ് ആ രീതിയിൽ മെരുക്കിയെടുത്തത്?
നമുക്ക് ഒരു സ്പിരിറ്റ് തോന്നിയാൽ നമ്മൾ അങ്ങനെ അങ്ങ് ആയി പോകുമല്ലോ. അതിലൂടെ സഞ്ചരിച്ചു എന്ന് തന്നെ പറയാം. കുറെ കഴിയുമ്പോൾ നമ്മൾ അത് തന്നെ ആകും. ഒരു വീട്ടിൽ പെട്ടെന്ന് നമ്മൾ പ്രതീക്ഷിക്കാതെ എല്ലാ സ്നേഹവും വീണ് ഉടഞ്ഞ് വീഴുമ്പോഴുള്ള പിടിച്ചു നിൽക്കലാണല്ലോ കഥാപാത്രം. ആ ചുറ്റുപാടിലേക്ക് സംവിധായകൻ രതീഷ് രഘുനന്ദനും ക്യാമറമാൻ മനോജ് പിള്ളയും മാഫിയ ശശി മാസ്റ്ററും എന്നെ കൊണ്ടുപോയി
ആദ്യ പകുതിയിൽ നിശബ്ദനായ കഥാപാത്രമാണ്. രണ്ടാം പകുതിയിൽ പെട്ടെന്ന് വേഷപകർച്ചയുണ്ടാവുന്നു. ഈ മാറ്റത്തിന് എന്തെങ്കിലും വെല്ലുവിളികളുണ്ടായിരുന്നോ?
അങ്ങനെ ഉണ്ടായാൽ തന്നെ അത് പ്രകടമാവുമോ. എന്റെ കുഞ്ഞ് മുഖമല്ലെ. അപ്പോൾ അത് മനസിൽ കാണുമ്പോൾ മുഖത്ത് വരുന്നുണ്ടോ വന്നോ എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. എല്ലാരും ശരിയായി എന്ന് പറയുമ്പോഴും ഉള്ളിൽ ആ സംശയം ഉണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞ് പ്രേക്ഷകർ പറഞ്ഞുകഴിയുമ്പോഴെ സമാധാനം ആകൂ. ആദിയായിരുന്നു എനിക്ക്. നന്നായിരുന്നു, ഗംഭീരമായി എന്നൊക്കെയാണ് ആളുകൾ പറയുന്നത്.
ഒപ്പം അഭിനയിച്ച ദുർഗയും ധ്യാനും ഒക്കെ മത്സരിച്ചാണ് അഭിനയിച്ചിട്ടുള്ളത്. ടീം വർക്ക് എങ്ങനെ ആയിരുന്നു. അവരെ എങ്ങനെ വിലയിരുത്തുന്നു?
അവർ അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല. ദുർഗ ഒക്കെ ഒരുപാട് കഷ്ടപ്പെട്ടു. സംവിധായകൻ ആഗ്രഹിച്ചതിന് അപ്പുറം നൽകിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഇന്റർവെല്ലിന് ശേഷം ദുർഗ എത്ര മനോഹരമായാണ് കഥാപാത്രത്തെ അവതരിപ്പിചിക്കുന്നത്. അതിന് മുമ്പ് എത്ര ഭംഗിയാണ്. ശരിക്കും ധ്യാനിന്റെയും ദുർഗയുടെയും ഭാഗ്യമാണ്. കാരണം ആർട്ടിസ്റ്റുകൾക്ക് പെർഫോം ചെയ്യാൻ കഥാപാത്രം കിട്ടുകയെന്നതാണ് വലിയ കാര്യം. കഥാപാത്രങ്ങൾ കുറച്ചാണെങ്കിലും എല്ലാവർക്കും നല്ല പണിയുണ്ടായിരുന്നു.
സമീപകാലത്തെ കഥാപാത്രങ്ങൾ എല്ലാം പരിശോധിച്ചാൽ അഞ്ചാം പാതിരയിലെ റിപ്പർ രവി, മാലിക്കിലെ പൊലീസുകാരൻ, ഹോമിലെ ഒലിവർ ട്വിസ്റ്റ് .. എങ്ങനെയാണ് ഹാസ്യ നടനിൽ നിന്നുള്ള മാറ്റം?
ഹാസ്യ നടൻ തന്ന കരുത്താണ് ഇതെല്ലാം. സെറ്റുകളിൽ ഓടി നടന്ന് മനസിൽ സമ്പാദിച്ചെടുത്ത വിശ്വാസമുണ്ട്. അത് തന്നെയാണ് പുതിയ വേഷങ്ങൾ ചെയ്യുമ്പോൾ ആത്മവിശ്വാസം പകരുന്നത്. പിന്നെ പ്രായവും കാലവും വരുത്തിവച്ച മാറ്റങ്ങളുണ്ട്. പ്രായം കൂടി. കുറേ അധികം ജീവിതങ്ങൾ കണ്ടു. ശബ്ദത്തിൽ പോലും മാറ്റമുണ്ടായി. അതൊക്കെ കഥാപാത്രങ്ങളിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.
ഹാസ്യകഥാപാത്രങ്ങൾ ഇപ്പോൾ വരുന്നില്ല എന്ന പരാതിയുണ്ടോ?
അത് അസാധ്യമാണ്. കാരണം നമ്മുടെ ജീവിത രീതിയൊക്കെ മാറി. അത്തരത്തിലുള്ള കഥകൾ വന്നാലും പഴയ പോലെ കോമഡി വരും എന്ന് തോന്നുന്നില്ല. ഹാസ്യം എന്നും നിലനിൽക്കുന്നതാണ്. പുതിയ രീതിയിൽ ഹാസ്യം വരും. ഹാസ്യം വിട്ടതിൽ വിഷമമുണ്ട്. ഹാസ്യം ചെയ്യുമ്പോൾ ഭയങ്കര ഉത്സാഹി ആയിരിക്കും. ഷൂട്ടിങ്ങ് സെറ്റുകളിൽ പുലർച്ചെ സമയത്തിന് മുമ്പ് ഉണരും. തലേദിവസം ചെയ്തതൊക്കെ മനസിലിട്ട് ആലോചിക്കും. തനിയെ ചിരിക്കും. അടുത്ത കൃസൃതി ഒപ്പിക്കാൻ മനസിന് ത്വരയുണ്ടാകും. കോമഡി ചെയ്യുമ്പോഴുണ്ടാകുന്ന ഉത്സാഹം വേറെ ഒന്നിനും വരില്ല.
ക്യാരറ്റർ റോളുകൾ എത്തിചേരാൻ വൈകി എന്ന തോന്നലുണ്ടായിട്ടുണ്ടോ?
ഒരിക്കലുമില്ല. എന്നെ കാലങ്ങളായി മലയാള സിനിമ ഇങ്ങനെ കൈവെള്ളയിൽ കൊണ്ട് പോകുന്നത് പോലെ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും തന്നിട്ടുണ്ട്. ശാരീരികമായുള്ള എന്റെ വളർച്ചയൊന്നും നടക്കില്ലല്ലോ. അത് അസാധ്യമല്ലെ. എന്നിട്ടും കഥാപാത്രത്തിന്റെ കരുത്തിലൂടെ പ്രേക്ഷകർ തൃപ്തിയായി എന്ന് പറയുന്നത് സ്നേഹമാണ്. എല്ലാം കൊണ്ടും ഞാൻ തൃപ്തനാണ്.
ഉടൽ എ സർട്ടിഫിക്കേറ്റിലാണ് പുറത്തിറങ്ങുന്നത്. കൂടുതൽ ആളുകൾ കുടുംബവുമായൊക്കെ കാണാൻ മടിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
ഈ വിഷയം അങ്ങനയെ ചെയ്യാൻ പറ്റൂ. അതിന് അപ്പുറം ഇത് കൈകാര്യം ചെയ്യാനോ കൂടുതൽ സൂക്ഷിക്കാനോ കഴിയില്ല. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉടൽ ഉണ്ടാവില്ല. അതിൽ സങ്കടമില്ല. എന്നാലും കാണേണ്ട പ്രായത്തിലുള്ളവർ ഇത് കാണണം. കാണുമെന്ന് തന്നെയാണ് വിശ്വാസവും. നമ്മുടെ അറിവും അനുഭവങ്ങളും തന്നെയാണ് സിനിമ. ശരീരത്തിന്റെ ദാഹം പിടിച്ചു നിർത്തിയില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും എന്ന് തന്നെ പറയണം. നമ്മൾ സ്വയം സൂക്ഷിക്കേണ്ടതുണ്ട്. വിശപ്പ് പോലെ തന്നെ പിടിച്ചു നിർത്താൻ കഴിയണം. കുഞ്ഞു കുസൃതി മതി നമ്മുടെ ജീവിതം പോലും തകർന്നു പോകും എന്ന സന്ദേശമാണ് സിനിമ നൽകുന്നത്.