25-ാം വയസിൽ കണ്ട സിനിമാസ്വപ്നം, 50ൽ സാധ്യമാക്കി ശോഭന പടിഞ്ഞാറ്റിൽ; ഇത് ​'ഗേൾ ഫ്രണ്ട്സ്' കഥ

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 'ഗേള്‍ ഫ്രണ്ട്സ്' എന്ന ചിത്രം സംവിധാനം ചെയ്ത ശോഭന പടിഞ്ഞാറ്റില്‍. 

29th iffk 2024 movie girlfriend director Shobhana Padinjattil interview

സിനിമ എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് എത്തിപ്പെടുക എന്നത് അല്പം ശ്രമകരമായ കാര്യവുമാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്താൻ, തിരശ്ശീലയ്ക്ക് പുറകിലെത്താൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി പേരുണ്ട് നമുക്ക് ചുറ്റും. അവർക്കുള്ളൊരു വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള. ആ മേളയിലേക്ക് 25മത്തെ വയസിൽ സ്വപ്നം കണ്ട സിനിമയുമായി എത്തിയിരിക്കുകയാണ് ശോഭന പടിഞ്ഞാറ്റിൽ. അതും അൻപതാം വയസിൽ. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയനാണ് ശോഭന. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ ആരുടെയും സഹ സംവിധായികയായി പ്രവർത്തിക്കാതെ നെയ്തെടുത്ത തന്റെ സിനിമ, 29ാമത് ഐഫ്എഫ്കെ വേദിയിൽ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ശോഭനയ്ക്ക് ഇപ്പോഴും ഒരു സ്വപ്നമാണ്. ആ സ്വപ്നത്തിലേക്കുള്ള തന്റെ യാത്ര എങ്ങനെയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് ശോഭന പടിഞ്ഞാറ്റിൽ. 

ഐഎഫ്എഫ്കെയും സിനിമയും

പത്ത് ഇരുപത്തിനാല് വർഷമായി ഐഎഫ്എഫ്കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് ഞാൻ. അന്നൊക്കെ മറ്റുള്ളവരുടെ സിനിമകൾ സ്ക്രീനിൽ കണ്ടിരുന്ന ഞാൻ, എന്റെ സ്വന്തം സിനിമ തന്നെ മേളയിൽ കാണാൻ പോവുകയാണ്. വലിയൊരു അഭിമാനവും ആഹ്ലാദവും തോന്നുകയാണ്. സിനിമയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുണ്ട്. അവർ സംസാരിക്കുമ്പോൾ കാഴ്ചക്കാരി മാത്രമായിട്ടിരുന്ന ആളാണ് ഞാൻ. ഒരുപാട് കാലം അങ്ങനെ തന്നെയായിരുന്നു. സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ റിസ്കെന്ന നിലയിലാണ് ഞാൻ സിനിമ എടുത്തത്. അത് മേളയിൽ തെരഞ്ഞെടുത്തു എന്നത് വളരെയധികം സന്തോഷം തരുന്നൊരു കാര്യമാണ്. അതും മലയാളം സിനിമ ടുഡേ വിഭാ​ഗത്തിൽ. 

പ്രൊവിഡൻ്റ് ഫണ്ടിൽ(പിഎഫ്) നിന്നെടുത്ത സമ്പാദ്യം

കൊവിഡ് സമയത്തായിരുന്നു ​ഗേൾ ഫ്രണ്ട്സിന്റെ ഷൂട്ടിം​ഗ് തുടങ്ങിയത്. ഏകദേശം ഇപ്പോൾ മൂന്ന് വർഷത്തോളമായി. ജോലിയുടെ ഇടയിലായിരുന്നു ഷൂട്ടിം​ഗ്. അതുകൊണ്ട് എന്റെ സമയം നോക്കിയാണ് ചിത്രീകരണം നടത്തിയത്. തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ. പിഎഫിൽ നിന്നും കാശെടുത്തായിരുന്നു ഷൂട്ടിം​ഗ്. ഒരി ഷോർട്ട് ഫിലിമാണ് വലിയൊരു സിനിമയായത്. അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരുടെയുമെല്ലാം ആദ്യ സിനിമ കൂടിയാണിത്. 

10 മിനിറ്റ് ഷോർട്ട് ഫിലിം, 70 മിനിറ്റ് സിനിമയായി

ലൈബ്രറേറിയൻ ആകുന്നതിന് മുൻപ് തന്നെ സിനിമ ചെയ്യണമെന്നത് എന്റെ ആ​ഗ്രഹമായിരുന്നു. എന്റെ ഇരുപത്തി അഞ്ചാമത്തെ വയസിൽ തുടങ്ങിയ ആ​ഗ്രഹമാണതെന്ന് പറയാം. സാമ്പത്തികമായിട്ടൊക്കെ ഒരു സിനിമ ചെയ്യുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടല്ലോ. അതൊക്കെ കാരണമാണ് ജോലിയിലേക്ക് ഞാൻ തിരിഞ്ഞത്. ഗേൾസ് ഫ്രണ്ട്സ് ആദ്യമൊരു ഷോർട്ട് ഫിലിം ആയിരുന്നു. പത്ത് മിനിറ്റുള്ളൊരു സിനിമ. ചെയ്തുവന്നപ്പോൾ ഏകദേശം ഒരു 45 മിനിറ്റ് ഉണ്ടായിരുന്നു. അപ്പോൾ പിന്നെ കരുതി സിനിമയാക്കാമെന്ന്. 45 മിനിറ്റ് 70 മിനിറ്റായാൽ സിനിമയായി. അങ്ങനെയാണ് ​ഗേൾ ഫ്രണ്ടസ് സിനിമയാകുന്നത്. 

29th iffk 2024 movie girlfriend director Shobhana Padinjattil interview

​എന്താണ് ​ഗേൾ ഫ്രണ്ട്സ് ?

ട്രാൻസ് ജെൻഡർ റോസ അടക്കം അഞ്ച് പെൺ സുഹൃത്തുക്കളുടെ സൗഹൃദമാണ് ​ഗേൾ ഫ്രണ്ട്സ് പറയുന്നത്. അവരുടെ മോഹങ്ങളും മോഹഭം​ഗങ്ങളും അവരുടെ സ്വതന്ത്രമായ കാഴ്ചപ്പാടുകളും ചിത്രം പറയുന്നുണ്ട്. എല്ലാറ്റിലുപരി സ്ത്രീകളുടെ ഉൾതുടിപ്പുകൾ പച്ചയായി ആവിഷ്കരിക്കുന്നുണ്ട്. പുതിയൊരു കാലഘട്ടത്തിലെ പൊളിറ്റിക്സും കടന്നുവരുന്നുണ്ട്. വളരെ വ്യത്യസ്തമായ ലൈം​ഗീക അഭിരുചികളെ അം​ഗീകരിക്കുന്ന സമൂഹമാണ് ഇപ്പോഴുള്ളത്. അത്തരത്തിൽ സ്ത്രീകളുടെയും ക്യുയർ പൊളിറ്റിക്സും സിനിമ പറയുന്നുണ്ട്. 

പിന്നെ സ്ത്രീപക്ഷ സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നൊരാളാണ് ഞാൻ. അങ്ങനെയുള്ള ചിത്രങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നതും. സ്വന്തം ആഗ്രഹങ്ങൾ, ജെൻഡർ, സെക്ഷ്വൽ ഓറിയന്റേഷൻ തുടങ്ങി സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന പല വിഷയങ്ങളിലും കൃത്യമായ ധാരണയുള്ള പെൺകുട്ടികളുടെ ജീവിതം കൂടിയാണിത്. പരമ്പരാഗത ലിംഗ വേഷങ്ങൾ ആധിപത്യം പുലർത്തുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ വെല്ലുവിളികളിലേക്കും സങ്കീർണ്ണതകളിലേക്കും സിനിമ കടന്നുപോകുന്നുണ്ട്. 1950-കളിലെ കേരളത്തിലെ സ്ത്രീ സൗഹൃദങ്ങളെ ചിത്രീകരിക്കുന്ന കെ സരസ്വതി അമ്മയുടെ കഥകളാണ് എനിക്ക് പ്രചോദനമായത്. 

ഇവർ നമ്മുടെ പ്രിയ നടിമാർ; 'മറക്കില്ലൊരിക്കലും' നാളെ നിശാഗന്ധിയിൽ

മേളയിലെ സ്ത്രീ പ്രാതിനിധ്യം

ഇത്തവണത്തെ മേളയിൽ സ്ത്രീ സംവിധായകർക്ക് വലിയ തോതിൽ അം​ഗീകാരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ സിനിമയും ഐഎഫ്എഫ്കെയിൽ എത്തിയത്. തുടക്കക്കാലത്തൊക്കെ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമെ കാഴ്ച്ചക്കാരായി പോലും മേളയിൽ വന്നിരുന്നുള്ളൂ. ഇന്നക്കഥ മാറി. സമൂഹത്തിൽ മാറ്റം വന്നപ്പോൾ സിനിമയിലും മാറ്റം വന്നുവെന്നു. സ്ത്രീകളിപ്പോൾ എത്തിപ്പെടാത്ത മേഖലകളൊന്നും ഇല്ലല്ലോ. സ്ത്രീകൾക്ക് പറ്റാത്തൊരു മേഖലയാണ് സിനിമയെന്ന് മുൻപ് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകളെ മറികടന്നാണ് സ്ത്രീകൾ ഇപ്പോൾ മുന്നോട്ടെത്തുന്നത്. ഈയൊരു ഘട്ടത്തിൽ മേളയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിച്ചതിൽ ഒത്തിരി സന്തോഷം. അതിലൊരു ഭാ​ഗമാകാൻ സാധിച്ചതിൽ അതിലേറെ സന്തോഷവുമുണ്ട്. 

ലൈബ്രറേറിയനിൽ നിന്നും സംവിധായികലേക്ക്

വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു ഈ യാത്ര. പണ്ടുമുതലെ വായന എന്റെ മേഖലയാണ്. അതുകൊണ്ടാണ് ലൈബ്രറേറിയൻ ആയതും. ആ വായന തന്നെയാണ് എന്നെ സംവിധായികയാക്കിയതും. വായനയാണല്ലോ എല്ലാത്തിനും ആധാരം. സിനിമയ്ക്ക് വേണ്ടി മാത്രമല്ല, എന്റെ ജീവിതത്തിലും വായന വലിയ സ്വാധീനം ചൊലുത്തിയിട്ടുണ്ട്. 

29th iffk 2024 movie girlfriend director Shobhana Padinjattil interview

കല, സാഹിത്യം ഇതൊക്കെ ആസ്വദിക്കുന്നതിന് വഴിയൊരുക്കിയതും പുസ്തകങ്ങളാണ്. സിനിമകൾ കാണുന്നതും എന്റെ പതിവായിരുന്നു. ക്ലാസിക്, ഫ്രഞ്ച് നവതരം​ഗ സിനിമകൾ, ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകൾ ഒക്കെ കാണ്ടു. പിന്നീട് ഓരോ സിനിമകൾ കാണുമ്പോഴും സിനിമയിലേക്കെത്തണം എന്ന ആ​ഗ്രഹം വർദ്ധിച്ച് വന്നു. അതിനു പല ശ്രമങ്ങളും നടത്തി. ആദ്യം തിരക്കഥയാണ് എഴുതിയത്. ഇരുപത്തഞ്ചോളം സ്ക്രിപ്റ്റുകൾ എന്റെ പക്കലുണ്ട്. അവയിൽ ചിലത് പൂർത്തിയായവാണ്. ചിലത് പൂർത്തിയാകാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒടുവിലിപ്പോൾ സംവിധാനത്തിൽ എത്തി നിൽക്കുന്നു. ഇനിയും അവസരങ്ങൾ ഒത്തുവരികയാണെങ്കിൽ സിനിമകൾ ചെയ്യണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios