നാഗക്കളമെഴുതി സര്‍പ്പംപാട്ടിന് പുള്ളോര്‍ വീണ മീട്ടിയ കൈകളില്‍ സ്റ്റെതസ്കോപ്പ്; വിഷ്ണു ഇനി ഡോ.വിഷ്ണു
മെഡിസിന് പഠിക്കുമ്പോഴും വിഷ്ണു പുള്ളുവന്‍ പാട്ട് ഉപേക്ഷിച്ചിരുന്നില്ല
മാവേലിക്കര: അനുഷ്ഠാന കലയുടെ നാടോടി സൗന്ദര്യം പേറുന്ന, പുള്ളുവൻ പാട്ട് കുലത്തൊഴിലാക്കിയ കലാകാരന് എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം. പുള്ളോര്‍ വീണ മീട്ടുന്ന വിഷ്ണു വിശ്വനാഥാണ് കുലത്തൊഴിലിനൊപ്പം ഡോക്ടറായി രോഗികളെ പരിചരിക്കാന്‍ ഒരുങ്ങുന്നത്. പുരാതന പുള്ളുവ തറവാടായ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്റേയും ഗീതയുടെയും മകനാണ് വിഷ്ണു വിശ്വനാഥ്.
ചെറുപ്പം മുതലേ അച്ഛനോടൊപ്പം ചെട്ടികുളങ്ങര ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും സർപ്പംപാട്ട് വേദികളിലും പുള്ളോർ വീണ വായിച്ചിരുന്നു വിഷ്ണു. മെഡിസിന് പഠിക്കുമ്പോഴും വിഷ്ണു കുലത്തൊഴിൽ ഉപേക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണ ശേഷം അമ്മ ഗീതയ്ക്കും സഹോദരൻ ചെട്ടികുളങ്ങര ജയകുമാറിനുമൊപ്പം ക്ഷേത്രത്തിൽ പുള്ളുവൻ പാട്ടിനും നാഗക്കളമെഴുത്തിനും സഹായിയായി പോകുമായിരുന്നു.
കൊല്ലം മെഡിസിറ്റി ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് കരസ്ഥമാക്കിയ വിഷ്ണു അതേ കോളജിൽ തന്നെ ഹൗസ് സർജനായി ചേർന്നിരിക്കുകയാണ്. സഹോദരി ലക്ഷ്മിപ്രിയ ജി നാഥ് ഷൊർണ്ണൂർ ആയുർവേദ മെഡിക്കൽ കോളജിൽ ഡോക്ടറാണ്. മക്കളെ ഡോക്ടറാക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോ. വിഷ്ണു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം