'എനിക്ക് ഇതിലും വലിയൊരു ഗുരുദക്ഷിണ ആർക്കും തരാൻ കഴിയില്ല'; കണ്ണൂരിൽ പ്രിയപ്പെട്ട ടീച്ചറെ കണ്ട് ഉപരാഷ്ട്രപതി
എനിക്ക് ഇതിലും വലിയൊരു ഗുരുദക്ഷിണ ആർക്കും തരാൻ കഴില്ല'എന്ന്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ സുധേഷ് ധൻഖറും പാനൂരിലെ വീട്ടിലെത്തി കണ്ടപ്പോഴായിരുന്നു അധ്യാപികയുടെ ഈ വാക്കുകൾ
കണ്ണൂർ: പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ശിഷ്യന്‍ കാണാനെത്തിയതിന്‍റെ സന്തോഷം മറയ്ക്കാതെ രത്ന ടീച്ചർ പറഞ്ഞു, 'എനിക്ക് ഇതിലും വലിയൊരു ഗുരുദക്ഷിണ ആർക്കും തരാൻ കഴില്ല'എന്ന്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ സുധേഷ് ധൻഖറും പാനൂരിലെ വീട്ടിലെത്തി കണ്ടപ്പോഴായിരുന്നു അധ്യാപികയുടെ ഈ വാക്കുകൾ. സൈനിക് സ്കൂളിൽ ഏറെ കാലം നല്ലപാഠം ചൊല്ലിക്കൊടുത്ത അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി വരുന്നത് നേരത്തെ തന്നെ വാർത്തയായിരുന്നു. സൈനിക് സ്കൂളിലെ അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ സഹോദരന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്ന നായരാണ് ഉപരാഷ്ട്രപതിയുടെ പ്രിയപ്പെട്ട ആ അധ്യാപിക.
ഒടുവിൽ, ഏറെ സന്തോഷം നൽകുന്ന ആ കൂടിക്കാഴ്ച ഇന്ന് സംഭവിച്ചു. ഇരുവരും പഴകാലത്തെ പല കാര്യങ്ങളും പരസ്പരം ഓർത്തെടുത്ത് പറഞ്ഞു. പണ്ട് ക്ലാസ് റൂമിിൽ തന്റെ മുന്നിൽ കാക്കി വസ്ത്രം ധരിച്ച് മുൻ ബെഞ്ചിൽ അച്ചടക്കത്തോടെ ഇരുന്ന പഠിച്ച ആ കൊച്ച് ജഗ്ദീപിനെ രത്ന ഓർത്തെടുത്തു. അവൻ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. അച്ചടക്കവും അനുസരണയുമുള്ള കുട്ടിയായിരുന്നു. എല്ലാ അക്കാദമിക വിഷയത്തിലും പുറത്തുള്ള പ്രവർത്തനങ്ങളിലും മികവു പുലർത്തിയിരുന്നു- രത്ന പറഞ്ഞു
ചിറ്റോഗഡ് സൈനിക്, ഒരു ബോർഡിങ് സ്കൂളാണ്. വിദ്യാർത്ഥികൾ വർഷത്തിൽ ഒമ്പത് മാസവും ചെലവഴിക്കുന്നത് അധ്യാപകർക്കെപ്പമായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകരുമായി ദീർഘകാല ബന്ധം വളരുന്നത് പതിവാണ്. മാതാപിതാക്കൾ ഇടയ്ക്കിടെ സ്കൂളിൽ വരും. ജഗ്ദീപിന്റെ അച്ഛൻ എല്ലാ മാസവും മക്കളെ കാണാൻ വരുന്നത് എനിക്ക് ഓർമയുണ്ട് - അവർ കൂട്ടിച്ചേർത്തു. ഇളനീർ നൽകിയാണ് രത്നയും കുടുംബവും ഉപരാഷ്ട്രപതിയെ വരവേറ്റത്. കഴിക്കാൻ ഇഡ്ഡലിയും നൽകി. വീട്ടിൽ ഉണ്ടാക്കിയ വാഴപ്പഴ ചിപ്‌സും അദ്ദേഹം കഴിച്ചു. സ്പീക്കർ എൻ ഷംസീറും അവർക്കൊപ്പം വീട്ടില്‍ എത്തിയിരുന്നു.
രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. 18 വര്‍ഷത്തോളം രാജസ്ഥാനിലെ സൈനിക സ്കൂളില്‍ അധ്യാപികയായിരുന്നു രത്ന നായര്‍. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ടീച്ചറുടെ വീട്ടിലെത്തുന്ന പഴയ വിദ്യാര്‍ത്ഥിയെ കാണാന്‍ നാടും കാത്തിരിക്കുകയായിരുന്നു. പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു.
ജഗദീപിന്‍റെ സഹോദരനെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 1968ല്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ച് സ്കൂളില്‍ നിന്ന് ജഗദീപ് വിട പറഞ്ഞെങ്കിലും ടീച്ചറോടുള്ള അടുപ്പത്തില്‍ മാത്രം കുറവുണ്ടായില്ല. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോള്‍ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല.