ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; 5 വര്‍ഷത്തെ എംപ്ലോയ്മെന്‍റ് കാർഡ് നൽകുമെന്ന് യുഎസ്
10 ലക്ഷത്തിലധികം ഇന്ത്യക്കാർ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡിനായി അമേരിക്കയില്‍ കാത്തുനില്‍ക്കുന്നുണ്ട്
ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി അമേരിക്ക. അഞ്ച് വർഷത്തെ കാലാവധിയുള്ള തൊഴിൽ അംഗീകാര കാർഡുകൾ നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കും തൊഴിൽ കാർഡുകൾ ലഭിക്കും. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
ഗ്രീൻ കാർഡ് എന്നത് അമേരിക്കയില്‍ എത്തിയവര്‍ക്ക് സ്ഥിരമായി താമസിക്കാനുള്ള അവകാശം നൽകുന്ന രേഖയാണ്. തൊഴിൽ അംഗീകാരത്തിനുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റുകളുടെ (ഇ എ ഡി) സാധുത അഞ്ച് വർഷമായി നീട്ടുന്നുവെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു എസ് സി ഐ എസ്) അറിയിച്ചത്.
അഭയം തേടുന്നവര്‍, ഐ എന്‍ എ 245 (ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ്) പ്രകാരമുള്ള സ്റ്റാറ്റസ് ക്രമീകരിക്കൽ, നാടുകടത്തൽ താൽക്കാലികമായി നിർത്തിവയ്ക്കൽ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു. എങ്കിലും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച്, പൗരനല്ലാത്തയാളുടെ തൊഴിൽ അംഗീകാരം ഇഎഡി ഫയലിംഗ് ഉള്‍പ്പെടെയുള്ളവയെ ആശ്രയിച്ചിരിക്കുന്നു. ഇ എ ഡി യുടെ കാലയളവ് വർധിപ്പിക്കുന്നതിലൂടെ ഇ എ ഡി പുതുക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കുറയ്‌ക്കുകയാണ് ലക്ഷ്യം.
'ജോലി കിട്ടാനില്ല, ജീവിതച്ചെലവ് കൂടുതല്‍': കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
10 ലക്ഷത്തിലധികം ഇന്ത്യക്കാർ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡിനായി കാത്തുനില്‍ക്കുന്നുണ്ട്. അവരിൽ 4 ലക്ഷം പേരുടെ മരണം നിയമപരമായ രേഖ ലഭിക്കുന്നതിന് മുമ്പ് സംഭവിക്കാനിടയുണ്ടെന്ന് ഒരു പഠനം പറയുന്നു. അമേരിക്കയില്‍ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരുടെ ആകെ എണ്ണം 18 ലക്ഷം കവിഞ്ഞെന്ന് കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ജെ ബിയർ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ 63 ശതമാനവും ഇന്ത്യക്കാരാണ്. 14 ശതമാനം പേര്‍ ചൈനക്കാരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം