സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്
നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍.
ദില്ലി: 2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
1016 പേരുടെ റാങ്ക് പട്ടികയിൽ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1016 പേരുടെ പട്ടികയിൽ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.