കൈയ്യകലത്തിൽ കൈവിടുന്നതെങ്ങനെ: സിവിൽ സര്‍വീസ് പരീക്ഷയിൽ സിദ്ധാര്‍ത്ഥിന്റെ 4ാം സ്ഥാനം കഠിനാധ്വാനത്തിന്റെ ഫലം
ഐഎഎസോ, ഐഎഫ്എസോ, ഐപിഎസോ ഏത് വേണമെന്ന് തീരുമാനിക്കാനും താത്പര്യമുണ്ടെങ്കിൽ കേരളത്തിൽ തന്നെ ജോലി ചെയ്യാനും സിദ്ധാര്‍ത്ഥിന് സാധിക്കും
കൊച്ചി: സിവിൽ സര്‍വീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ലക്ഷ്യത്തിലെത്തിയത് അഞ്ചാമത്തെ ശ്രമത്തിൽ. മൂന്ന് വട്ടം സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച സിദ്ധാര്‍ത്ഥ് കഴിഞ്ഞ തവണ 121ാം റാങ്ക് നേടിയിരുന്നു. ഐപിഎസാണ് സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എന്നാൽ ഇനിയും മുന്നിലെത്തണമെന്ന സിദ്ധാര്‍ത്ഥിന്റെ ആഗ്രഹവും അതിനായുള്ള കഠിനാധ്വാനവും ഇക്കുറി രാജ്യത്ത് നാലാം റാങ്കെന്ന അഭിമാനകരമായ നേട്ടത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചു.
എറണാകുളം സ്വദേശിയായ സിദ്ധാര്‍ത്ഥ് തിരുവനന്തപുരം ഫോര്‍ച്യൂൺ അക്കാദമിയിലാണ് പരിശീലനം നടത്തിയത്. ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ രാംകുമാറാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛൻ. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഹൈദരാബാദിൽ പരിശീലനത്തിലിരിക്കെയാണ് സിദ്ധാര്‍ത്ഥിനെ തേടി സിവിൽ സര്‍വീസ് പരീക്ഷയിലെ നാലാം റാങ്കെത്തുന്നത്. ഇനി ഐഎഎസോ, ഐഎഫ്എസോ, ഐപിഎസോ ഏത് വേണമെന്ന് തീരുമാനിക്കാനും താത്പര്യമുണ്ടെങ്കിൽ കേരളത്തിൽ തന്നെ ജോലി ചെയ്യാനും സിദ്ധാര്‍ത്ഥിന് സാധിക്കും.
അതേസമയം പട്ടികയിൽ 31ാം റാങ്ക് നേടിയ മലയാളി വിഷ്ണു ശശികുമാറിനും ഐഎഎസ് തിരഞ്ഞെടുക്കാൻ സാധിക്കും. 282ാം റാങ്ക് നേടിയ പാര്‍വതി ഗോപകുമാറിനും ഐഎഎസ് നേടാൻ സാധ്യതയുണ്ട്.