ഇടുപ്പെല്ലിന് പരിക്കേറ്റിട്ടും ആൻമേരി തളർന്നില്ല, ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് സച്ചുവും; മിന്നും വിജയം
ആംബുലൻസിനുള്ളിൽ കിടന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് മിന്നും വിജയം
ഇടുക്കി: ഇടുപ്പെല്ലിന് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആംബുലൻസിനുള്ളിൽ കിടന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ ആൻമേരി പീറ്ററിന് തിളക്കമാർന്ന വിജയം. രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആൻമേരി. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ആൻമേരി വീട്ടിനുള്ളിൽ വീണത്. വീഴ്ചയിൽ ആന്‍മേരിയുടെ ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു.
തേനിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻമേരിയെ അധ്യാപകരുടെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ എത്തിച്ചാണ് സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതിച്ചത്. ശാരീരിക അസ്വസ്ഥതകൾ മാറിയതോടെ ആൻമേരി ഇപ്പോൾ വീണ്ടും നടന്നുതുടങ്ങിയിട്ടുണ്ട്. പരീക്ഷ അവസാനിക്കുന്നതുവരെ സ്കൂൾ അധികൃതർ ആൻമേരിക്ക് ആംബുലൻസ് സൗകര്യം ഒരുക്കി നൽകിയിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന് ആംബുലൻസിനുള്ളിൽ വച്ച് എസ്എസ്എൽസി പരീക്ഷയെഴുതിയ സച്ചു മൈക്കിളിന് മിന്നും ജയമാണ് നേടാനായത്. ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ സച്ചു മൈക്കിളാണ് ആംബുലൻസിൽ സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതി മികച്ച വിജയം കരസ്ഥമാക്കിയത്. എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ സച്ചുവിന് വയറിൽ വേദന അനുഭവപ്പെട്ടിരുന്നു.
വേദനയെ തുടർന്ന് പരീക്ഷയ്ക്കുശേഷം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ കുടലിൽ രോഗബാധ കണ്ടതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ പരീക്ഷ ഒഴിവാക്കാൻ ആഗ്രഹമില്ലെന്ന് സച്ചു പറഞ്ഞതോടെ സ്കൂൾ അധികൃതർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആംബുലൻസിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. ഇതിന്റെ വേണ്ടി വന്ന മുഴുവന്‍ ചെലവുകളും സ്കൂളും പിടിഎയുമാണ് വഹിച്ചത്.
മുഴുവന്‍ 'എ പ്ലസ്' ഇല്ലെങ്കിലും നാല്‍വര്‍ സംഘത്തിന്‍റെ വിജയത്തിന് എ പ്ലസിനേക്കാള്‍ തിളക്കം