പ്ലസ് വൺ പ്രവേശനം: നാളെത്തെ ട്രയൽ അലോട്ട്മെന്‍റ് മാറ്റി

ആദ്യ അലോട്ട്മെന്‍റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങും.
 

Tomorrow s allotment for Plus One admission has been postponed

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. നാളെ നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് മറ്റന്നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിന്‍റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം. 

ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ജൂലൈ 25 വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ  ആവശ്യം കോടതി അംഗീകരിച്ചാണ് 25 വൈകിട്ട് 5 മണിവരെ  സമയം  നീട്ടി നൽകിയത്.

അതേസമയം പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. പ്ലസ് ടു പുതിയ ബാച്ച് അനുവദിക്കാത്തതിൽ കേരള സർക്കാർ നടപടിക്കെതിരെ  ഹർജിയുമായി മലപ്പുറം മുന്നിയൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് സുപ്രീംകോടതിയിൽ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. നേരത്തെ ഇവരുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios