മുംബൈ ഐഐടിയിൽ അഭിമാന നിമിഷം, 'കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ'; സന്തോഷം പങ്കുവച്ച് മന്ത്രി
യന്ത്ര റോബോട്ടിക്സ് ഔട്ട്റിച്ച് പ്രോഗ്രാമിൽ മികച്ച പത്ത് ഫൈനലിസ്റ്റുകളിലാണ് തൃശൂർ കോളേജ് ടീം ഇടം നേടിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി
തൃശൂർ: മുംബൈ ഐ ഐ ടിയിൽ നടന്ന ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം സ്വന്തമാക്കിയ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്ത്. യന്ത്ര റോബോട്ടിക്സ് ഔട്ട്റിച്ച് പ്രോഗ്രാമിൽ മികച്ച പത്ത് ഫൈനലിസ്റ്റുകളിലാണ് തൃശൂർ കോളേജ് ടീം ഇടം നേടിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കാഴ്ചപരിമിതരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന 'സെൻസോറിയം' എന്ന നൂതന പ്രൊജക്ടിനാണ് അംഗീകാരമെന്നും വിവരിച്ച മന്ത്രി, തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ടീം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച് കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നതിൽ ഏവർക്കും സന്തോഷിക്കാമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ഇതാ കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് പുതിയ സന്തോഷം! അഭിമാന നിറവിൽ എൻഎസ്എസ് വനിതാ കോളേജ്
മന്ത്രിയുടെ കുറിപ്പ്
ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സാങ്കേതിക കലാലയങ്ങളിലെ കുട്ടികൾ.
മുംബൈ ഐഐടിയിൽ നടന്ന ദേശീയ റോബോട്ടിക്സ് മത്സരത്തിൽ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ടീം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നതിൽ സന്തോഷിക്കാം.
ഇ യന്ത്ര റോബോട്ടിക്സ് ഔട്ട്റിച്ച് പ്രോഗ്രാമിൽ മികച്ച പത്ത് ഫൈനലിസ്റ്റുകളിലാണ് കോളേജ് ടീം ഇടം നേടിയിരിക്കുന്നത്. കാഴ്ചപരിമിതരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന 'സെൻസോറിയം' എന്ന നൂതന പ്രൊജക്ടിനാണ് അംഗീകാരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 490 ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ അശ്വിൻ പി ജോബി, ടെസ്സ ആൻ ജോസി, അലൻ മാമ്മൻ എബ്രഹാം, സോന ഫിലിപ്പ് എന്നീ മിടുക്കരടങ്ങുന്ന സംഘം മികച്ചവരായത്.
നേട്ടം സ്വന്തമാക്കിയ പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒപ്പം നിന്നവർക്കും കോളേജിനാകെയും നിറഞ്ഞ അഭിനന്ദനങ്ങൾ.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ലോകത്തിനു മുന്നിൽ പുതു തിളക്കങ്ങൾ നേടിക്കൊണ്ടിരിക്കുന്ന അഭിമാന കാലം. എന്റെ സ്വന്തം നാടിന്റെ പേരുയർത്തുന്ന അംഗീകാരമെന്നതിൽ ഇരട്ടിയാഹ്ലാദം.