അഭിമാന നേട്ടം! മലയാളി ഡോക്ടർക്ക് ദേശീയ തലത്തില്‍ സ്വര്‍ണ മെഡല്‍; രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ ഡിഎന്‍ബി ബിരുദം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പഠിച്ച ശേഷം രഞ്ജിനി മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. കരസ്ഥമാക്കിയിട്ടുണ്ട്.

thiruvananthapuram medical college student bags national level gold medal in dnb exam

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ. എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ ലഭിച്ചത്.

ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എന്‍.ബി. നെഫ്രോളജി റെസിഡന്‍സുമാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണന്‍ ഒന്നാമതെത്തിയത്. അഖിലേന്ത്യാ പരീക്ഷയില്‍ സ്വര്‍ണ മെഡല്‍ ലഭിച്ച ഡോ. രഞ്ജിനി രാധാകൃഷ്ണനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പഠിച്ച ശേഷം രഞ്ജിനി മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നെഫ്രോളജി വിഭാഗത്തില്‍ ഡി.എം. ബിരുദം നേടിയത്. ഈ ബിരുദം നേടിയ ശേഷമാണ് ഡി.എന്‍.ബി. പരീക്ഷ എഴുതിയതും സ്വര്‍ണ മെഡല്‍ നേടിയതും.

അന്തര്‍ദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഡി.എന്‍.ബി. ബിരുദം. നെഫ്രോളജി രംഗത്ത് കൂടുതല്‍ വിദഗ്ധ പരിചരണം ഉറപ്പാക്കാനും ഈ ബിരുദത്തിലൂടെ സാധിക്കും. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് ഡോ. രഞ്ജിനി രാധാകൃഷ്ണന്‍. മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണമെഡല്‍ സമ്മാനിക്കും.

Read More : വൻ പ്ലാനിങ്; കോഴിക്കോട് ഡോക്ടറെ പ്രലോഭിപ്പിച്ച് കല്യാണം, ഹോട്ടലിൽ കുടുങ്ങി, നവവധുവും സംഘവും തട്ടിയത് ലക്ഷങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios