Agnipath Recruitment : അഗ്‌നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു
പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നത്.
ദില്ലി: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള (agnipath scheme) അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ (recruitment) ക്ഷണിച്ചു. 17 1/2 മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്), അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്, അഗ്‌നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയ വിശദ വിവരങ്ങൾ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവർഷമാണ്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റെ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ., തിരുവനന്തപുരം-695033 ഫോൺ: 04712325101, E-mail:keralasrc@gmail.com, അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.