25 വർഷത്തെ പരിശ്രമം, 23 തവണ പരാജയം, ഒടുവിൽ 56ാമത്തെ വയസ്സിൽ 2ാം ബിരുദാനന്തരബിരുദം; ഗണിതശാസ്ത്രത്തിൽ!
തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം പഠിച്ച് ആഗ്രഹിച്ച നേട്ടം എത്തിപ്പിടിക്കാൻ 25 വർഷമാണ് ബറുവ കഷ്ടപ്പെട്ടത്. 23 തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ വീണ്ടും പരിശ്രമിച്ചു എന്നതിലാണ് രാജ് കരൺ ബറുവ എന്ന 56കാരൻ വ്യത്യസ്തനാകുന്നത്.
പഠനത്തിന് പ്രായമില്ല എന്ന് കേട്ടിട്ടില്ലേ? കഠിനാധ്വാനം ചെയ്യാനുള്ള മനസുണ്ടെങ്കിൽ തോൽവികളിൽ നിരാശനാകാതെ പരിശ്രമിക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ വിജയം കൈപ്പിടിയിലൊതുക്കാം. ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ് ജബാൽപൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജ്കരൺ ബറുവ എന്ന വ്യക്തിയുടെ നേട്ടം.
56-ാം വയസ്സിലാണ് ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം പഠിച്ച് ആഗ്രഹിച്ച നേട്ടം എത്തിപ്പിടിക്കാൻ 25 വർഷമാണ് ബറുവ കഷ്ടപ്പെട്ടത്. 23 തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ വീണ്ടും പരിശ്രമിച്ചു എന്നതിലാണ് രാജ് കരൺ ബറുവ എന്ന 56കാരൻ വ്യത്യസ്തനാകുന്നത്. 2021 ലാണ് ബറുവ ഗണിതത്തിൽ ബിരുദാനന്തര ബിരുദം നേടുന്നത്.
ജബൽപൂരിലെ റാണി ദുർഗ്ഗാവതി സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബറുവയുടെ പ്രതിമാസ ശമ്പളം വെറും 5000 രൂപ മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ഇത് ബറുവയുടെ ആദ്യത്തെ ബിരുദാനന്തര ബിരുദമല്ല എന്നതാണ്. 1996-ൽ ആർക്കിയോളജിയിൽ ആദ്യത്തെ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കണക്ക് പഠിക്കാനും ആ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനുമായിരുന്നു അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്.
ഇഷ്ടവിഷയത്തിൽ ലക്ഷ്യം നേടുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യവും ശ്രദ്ധയും. അതുകൊണ്ട് തന്നെ 25 വർഷത്തിനിടെ 23 തവണ പരാജയപ്പെട്ടിട്ടും അദ്ദേഹം നിരാശനായില്ല. അദ്ദേഹത്തിന്റെ ശ്രദ്ധയും അർപ്പണബോധവും അചഞ്ചലമായിരുന്നു. രാത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്തും പകൽ വീട്ടുജോലി ചെയ്തുമാണ് ബറുവ ഉപജീവനത്തിനും പഠനത്തിനും പണം കണ്ടെത്തിയത്.
ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ പഠനത്തിന് ചെറിയ രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു എന്നും ബറുവയുടെ വാക്കുകൾ. എന്നാൽ ഡിക്ഷ്ണറിയുടെ സഹായത്തോടെ ഈ പ്രതിസന്ധിയെയും അദ്ദേഹം മറികടന്നു. ''ഞാൻ പഠിക്കുന്ന കാര്യത്തെകുറിച്ച് തൊഴിലിടത്തിൽ ഒരിക്കലും ആരോടും പറഞ്ഞില്ല. കാരണം തൊഴിലുടമകൾ അവരുടെ മക്കളെ പരിഹസിക്കുമോ വഴക്ക് പറയുമോ എന്നൊക്കെ ഞാൻ ഭയന്നു. ഇത്രയും പരിമിതമായ സാഹചര്യത്തിൽ എനിക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാമെങ്കിൽ അവർക്കെന്തു കൊണ്ട് സാധിക്കില്ല എന്നെങ്ങാനും ചോദിക്കുമോ എന്നും ഞാൻ ആശങ്കപ്പെട്ടു. ഒഴിവു സമയങ്ങൾ കിട്ടുമ്പോഴാണ് ഞാൻ പഠിക്കാനിരിക്കുക. ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അവിടേക്ക് പോകും.'' ബറുവയുടെ വാക്കുകളിങ്ങനെ. ''എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ചോദ്യത്തിനും ബറുവയുടെ പക്കൽ മറുപടിയുണ്ട്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. എന്റെ സ്വപ്നങ്ങളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്.''
നാല് ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, പക്ഷേ ജീവിക്കണമെങ്കിൽ പച്ചക്കറി വിൽക്കണം, യുവാവിന്റെ ജീവിതം