വളക്കച്ചവടക്കാരനിൽ നിന്ന് സിവില്‍ സര്‍വ്വീസ് ഉദ്യോ​ഗസ്ഥനിലേക്ക്; പ്രചോദനമാണ് രമേഷ് ഖോലാപ് ഐഎഎസ്

ഉപജീവനത്തിനായി വളക്കച്ചവടം നടത്തിയ ഒരു വ്യക്തി, മികച്ച വിദ്യാഭ്യാസം നേടി രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷകളിലൊന്നില്‍ വിജയിച്ചത് എല്ലാവർക്കും പ്രചോദനം നൽകുന്ന വാർത്ത കൂടിയാണ്. 
 

success story of Ramesh Gholap

ചില നേട്ടങ്ങളെ ഒരിക്കലും എത്തിപ്പിടിക്കാൻ  സാധിക്കില്ലെന്ന് ചിന്തിച്ച്, അതിന് വേണ്ടി പരിശ്രമിക്കാതെ പിന്നോട്ട് പോകുന്ന ചിലരുണ്ട്. എന്നാൽ മനസ്സിലെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാൻ  മടിയില്ലാത്ത, പ്രതിസന്ധികളോട് പോരാടുന്ന മറ്റ് ചിലരുമുണ്ട്. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ് രമേഷ് ഖോലാപ് എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ. തീരെ ദരിദ്രമായ ഒരു ചുറ്റുപാടിൽ നിന്നാണ് ഭിന്നശേഷിക്കാരനായ ഇദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ച് ഐഎഎസ് പദവിയിലെത്തിയത്. ഉപജീവനത്തിനായി വളക്കച്ചവടം നടത്തിയ ഒരു വ്യക്തി, മികച്ച വിദ്യാഭ്യാസം നേടി രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷകളിലൊന്നില്‍ വിജയിച്ചത് എല്ലാവർക്കും പ്രചോദനം നൽകുന്ന വാർത്ത കൂടിയാണ്. 

മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മഹാ​ഗാവ് സ്വദേശിയാണ് രമേഷ് ഖോലാപ്. പിതാവ് സൈക്കിൾ ഷോപ്പ് നടത്തിയിരുന്നു. കടുത്ത മദ്യപാനം മൂലം അദ്ദേഹത്തിന്റെ ആരോ​ഗ്യം വളരെ മോശമായി. പിന്നീട് രമേഷിന്റെയും അമ്മയുടെയും ചുമലിലായി കുടുംബത്തിന്റെ  ചുമതല. തൊട്ടടുത്ത ​ഗ്രാമങ്ങളിൽ വളക്കച്ചവടം നടത്തിയാണ് ഇവരുടെ അമ്മ വിമല ഖോലാപ് കുടുംബത്തിന് ഉപജീവനമാർ​ഗം തേടിയത്. രമേഷും സഹോദരനും അമ്മയെ സഹായിക്കാൻ ഒപ്പം വളക്കച്ചവടത്തിന് പോകും. 

സാമ്പത്തിക് പ്രശ്നങ്ങൾ കൂടാതെ, ഇടതുകാലിന് പോളിയോ ബാധിച്ചതിനെ തുടർന്നുണ്ടായ ശാരീരിക പരിമിതികളുമുണ്ടായിരുന്നു രമേഷ് ഖോലാപിന്. എന്നൽ ശാരീരികവും സാമ്പത്തികവുമായ ഈ പ്രതിസന്ധികളൊന്നും തന്നെ വിദ്യാഭ്യാസം നേടുന്ന കാര്യത്തിൽ രമേഷിന് തടസ്സമായില്ല. മഹാരാഷ്ട്രയിലെ ബർഷിയിൽ അമ്മാവനൊപ്പം താമസിച്ച് രമേഷ് പഠനം തുടർന്നു. 

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തഹസിൽദാർ ആകാനായിരുന്നു രമേഷിന് താത്പര്യം.  പിന്നീടാണ് സിവിൽ സർവ്വീസിൽ ചേരാൻ തീരുമാനിച്ചത്. അങ്ങനെ അമ്മ കടം വാങ്ങി നൽകിയ പണം കൊണ്ടാണ് യു പി  എസ് സി പരീക്ഷക്ക് തയ്യാറെടുക്കാൻ പോകുന്നത്. 2012 ലാണ് സിവിൽ സർവ്വീസ് പരീക്ഷ പാസ്സാകുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios