സ്വപ്നം പൂവണിയാൻ ദിവസവും 18 മണിക്കൂർ പഠിക്കണോ? ഇങ്ങനെയൊന്നും പറ്റിക്കരുതെന്ന് വ്ളോഗർമാരോട് ഐഎഎസ് ഉദ്യോഗസ്ഥൻ
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമെന്ന സാധ്യത ഉപയോഗപ്പെടുത്തി, തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും വിവരങ്ങളും നൽകുന്ന ചില 'കള്ള വ്ളോഗർമാരും' കൂട്ടത്തിലുണ്ടെന്ന മുന്നറിയിപ്പുകൾ നൽകുകയാണ് ഒരു ഐഎഎസ് ഓഫീസർ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷകളിലൊന്നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ. സർക്കാർ തലത്തിലെ ഏറ്റവും ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിന് ഉദ്യോഗാർത്ഥികളെ അർഹരാക്കുന്ന ഈ പരീക്ഷയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും തയ്യാറെടുപ്പുകൾ നടത്തുന്നത്. അതിൽ തന്നെ ചെറുപ്രായം മുതൽ അഖിലേന്ത്യാ സർവീസുകൾ സ്വപ്നം കണ്ട് തയ്യാറെടുപ്പുകൾ നടത്തി വരുന്നവർ നിരവധി. ഏറ്റവും കടുകട്ടി പരീക്ഷകളിലൊന്നായി കൂടി അറിയപ്പെടുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്ക് വേണ്ടി കൃത്യമായ ആസൂത്രണവും സ്ഥിരോത്സാഹത്തോടെയുള്ള തയ്യാറെടുപ്പുകളും അച്ചടക്കത്തോടെയുള്ള പരിശീലനവും ആവശ്യമാണ്.
എല്ലാ രംഗത്തെയും പോലെ സിവിൽ സർവീസസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുകയും തയ്യാറെടുപ്പുകളിൽ ഉദ്യോഗാർത്ഥികളെ സഹായിക്കുകയും ചെയ്യുന്ന നിരവധി വ്ളോഗുകളുണ്ട്. പരീക്ഷയുടെ ചില വിഷയങ്ങളിൽ മാത്രമൂന്നിയുള്ള ക്ലാസുകൾ മുതൽ അവസാന കടമ്പയായ ഇന്റർവ്യൂവിനുള്ള പരിശീലനം വരെ നൽകുന്ന ചാനലുകളും വ്ളോഗുകളുമെല്ലാമുണ്ട്. എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമെന്ന സാധ്യത ഉപയോഗപ്പെടുത്തി, തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും വിവരങ്ങളും നൽകുന്ന ചില 'കള്ള വ്ളോഗർമാരും' ഈ കൂട്ടത്തിലുണ്ടെന്ന മുന്നറിയിപ്പുകൾ നൽകുകയാണ് ഒരു ഐഎഎസ് ഓഫീസർ. 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരനാണ് സോഷ്യൽ മീഡിയയിലൂടെത്തന്നെ ഇത്തരം വ്ളോഗുകൾക്കെതിരെ രംഗത്തെത്തിയത്. ദിവസം 18 മണിക്കൂർ പഠിക്കണമെന്ന് ഉപദേശിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത്രയധികം വായിക്കേണ്ട ആവശ്യം യുപിഎസ്‍സി സിവിൽ സർവീസസ് പരീക്ഷയ്ക്ക് ഇല്ലെന്ന് അദ്ദേഹം പറയുന്നു.
അവനിഷിന്റെ ട്വീറ്റിന് പിന്നാലെ ഈ വിഷയത്തിൽ നിരവധിപ്പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു. 18 മണിക്കൂറൊക്കെ പഠിക്കേണ്ട കാര്യമില്ലെന്നും കൂടുതൽ പഠിക്കുന്നതിന് പകരം ആവശ്യമുള്ളത് പഠിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നും പലരും അഭിപ്രായപ്പെടുന്നു. വായിച്ചുതള്ളുന്ന ഉള്ളടക്കത്തിന്റെ വലിപ്പത്തേക്കാൾ വായിച്ച് പഠിക്കുന്നതിന്റെ നിലവാരമാണ് പ്രധാനമെന്ന് സാരം. പഠിച്ചവയിൽ എത്ര മനസിൽ നിൽക്കുമെന്നും അതിലെത്ര ഓർത്ത് എഴുതാനാവുമെന്നുമുള്ളതാണ് ഏറ്റവും പ്രധാനം. എത്ര മണിക്കൂർ പഠിച്ചെന്നത് നോക്കിയല്ല, പരീക്ഷയിൽ ചോദ്യങ്ങൾക്ക് ഉത്തരമായി എന്ത് എഴുതുന്നു എന്നതിനാണ് മാർക്ക് ലഭിക്കുന്നതെന്നും ഓർമിപ്പിക്കുന്നു.
ഉദ്യോഗാർത്ഥികളെ ഭീതിപ്പെടുത്താനായി ഇത്തരത്തിലുള്ള നിരവധി 'പൊടിക്കൈകൾ' പല വ്ളോഗുകളിൽ നിന്ന് കിട്ടാറുണ്ടെന്ന് അനുഭവസ്ഥരും പറയുന്നു. മറ്റുള്ളവരുടെ പരീശീലന രീതി ചിലപ്പോൾ എല്ലാവർക്കും യോജിക്കണമെന്നില്ല. എത്രത്തോളം പഠിക്കാൻ കഴിയുന്നു എന്നും ആവശ്യമുള്ളതാണോ പഠിക്കുന്നത് എന്നതുമാണ് പ്രധാനം. ഇത്തരമൊരു വിഷയത്തിലെ ചർച്ചയ്ക്ക് തുടക്കമിട്ടതിൽ അവനിഷിനെ പലരും അഭിനന്ദിക്കുകയും ചെയ്തു.