എസ്എസ്എല്‍സി ഫലം ജൂണ്‍ പതിനഞ്ചിനകം, 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം
സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ 9 മണിക്കായിരിക്കും പ്രവേശനോത്സവം ഉദ്‌ഘാടനം നടക്കുക.
തിരുവനന്തപുരം: ജൂണ് പതിനഞ്ചിനകം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). ജൂണ്‍ 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈൻ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമോ നൽകിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക് മാനുവൽ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാല്‍ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.