കൗതുകമായി പുന്നയൂര്‍ക്കുളത്തെ സ്മാര്‍ട്ട് അങ്കണവാടികള്‍; ഉദ്ഘാടനത്തിനൊരുങ്ങി കുമാരന്‍ പടി അങ്കണവാടി

സ്വന്തമായി സ്ഥലമോ മികച്ച കെട്ടിടമോ ഇല്ലാതെ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയാണ് ഇന്ന് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ന്നത്. 

smart anganawadis at punnayoorkkulam

തൃശൂർ: പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വിശാലവും സുന്ദരവുമായ ഏഴാം നമ്പര്‍ (anganawadi) അങ്കണവാടി കണ്ടാല്‍ മനോഹരമായ ഒരു വീടാണെന്ന് തോന്നും. കടല്‍ തീരത്തോട് ചേര്‍ന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിലാണ് പതിനേഴാം വാര്‍ഡിലെ കുമാരന്‍ പടി അങ്കണവാടി ഒരുക്കിയിരിക്കുന്നത്. സ്വന്തമായി സ്ഥലമോ മികച്ച കെട്ടിടമോ ഇല്ലാതെ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന (smart Anganawadi) അങ്കണവാടിയാണ് ഇന്ന് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ന്നത്. കാട്ടി പുരയ്ക്കല്‍ ജമീല മൊയ്തീന്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് ഇരു നിലകളില്‍ വിശാലമായ കളിസ്ഥലമുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മ്മിച്ചിരിക്കുന്നത്. 26.60 ലക്ഷം രൂപയാണ് അങ്കണവാടി നിര്‍മ്മാണത്തിന് വകയിരുത്തിയത്. റര്‍ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്നും 16.6 ലക്ഷം  രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 9.7 ലക്ഷം രൂപയുമാണ് കെട്ടിട നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. 1333 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മ്മിച്ചത്.

കുരുന്നുകള്‍ക്ക് അക്ഷരങ്ങള്‍ കണ്ട് പഠിക്കാനും പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കാനുമാകും വിധം ഡിജിറ്റല്‍ പഠന സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. കുട്ടികളെ ഏറെ ആകര്‍ഷിക്കും വിധം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ കാട്ടിലെ കണ്ണനും ഡോറ ഭുജിയുമെല്ലാം ചുമരിലും ചുറ്റുമതിലിലും നിറ സാന്നിദ്ധ്യമാണ്. കൂടാതെ അക്കങ്ങളും അക്ഷരങ്ങളും അക്കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍, ശിശു സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപ്, അടുക്കള, സ്റ്റോറും, വിശ്രമമുറി, പഠനമുറി എന്നീ എല്ലാ വിധ സൗകര്യങ്ങളും അടങ്ങിയതാണ് കുമാരന്‍ പടിയിലെ അങ്കണവാടി. മുകളിലെ നിലയില്‍ വിശാലമായ കളിസ്ഥലവും വീണ് പരിക്കേല്‍കാതിരിക്കാന്‍ പ്രത്യേക മേറ്റും സജ്ജീകരിച്ചിട്ടുണ്ട്. അങ്കണവാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരത്തോടെ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ പറഞ്ഞു.

ജില്ലയില്‍ ആദ്യമായി ഇരുനിലകളില്‍ പണിത മികവുറ്റ അങ്കണവാടി സ്വന്തമാക്കിയ ബഹുമതിയും പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്. പുന്നയൂര്‍ക്കുളത്തെ ശിശു സൗഹ്യദ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് അങ്കണവാടികളാണ് പഞ്ചായത്തില്‍ സ്മാര്‍ട്ട് നിലവാരത്തില്‍ ഉയര്‍ത്തിയത്. അതില്‍ ചമ്മന്നൂര്‍, പരൂര്‍ എന്നീ അങ്കണവാടികള്‍ ഉദ്ഘാടനം കഴിഞ്ഞ് കുരുന്നുകള്‍ക്ക് തുറന്ന് നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios