യുനെസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ട്; കേരളത്തെക്കുറിച്ച് മൂന്നു പരാമര്‍ശമെന്ന് മന്ത്രി

സ്‌കൂള്‍ വിക്കിയില്‍ 15,000ത്തിലധികം സ്‌കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയില്‍ വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനെസ്‌കോ റിപ്പോര്‍ട്ടിലുള്ളതെന്ന് മന്ത്രി. 

sivankutty says Kerala references in unesco global education monitoring report joy

തിരുവനന്തപുരം: യുനെസ്‌കോ പ്രസിദ്ധീകരിച്ച 2023ലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്ന് പ്രത്യേക പരാമര്‍ശങ്ങളുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. 'സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്ക നിര്‍മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വര്‍ദ്ധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സ്‌കൂള്‍വിക്കി' പോര്‍ട്ടല്‍ അന്താരാഷ്ട്ര മാതൃകയായി പരാമര്‍ശിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. 

സ്വതന്ത്ര സോഫ്റ്റ്‌വെയറായ വിക്കി മീഡിയാ പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയ സ്‌കൂള്‍ വിക്കിയില്‍ 15,000ത്തിലധികം സ്‌കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയില്‍ വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനെസ്‌കോ റിപ്പോര്‍ട്ടിലുള്ളത്. 'സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ചില രാജ്യങ്ങള്‍ ചാമ്പ്യന്മാരായിട്ടുണ്ട്' എന്ന ശിര്‍ഷകത്തിനു കീഴിലാണ് സ്‌കൂളുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നയം എടുത്തു പറയുന്ന റിപ്പോര്‍ട്ട് സ്‌കൂളുകളില്‍ രണ്ടു ലക്ഷം ലാപ്‌ടോപ്പുകള്‍ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ വിന്യസിച്ചിട്ടുള്ള കാര്യം രേഖപ്പെടുത്തുന്നുണ്ട്. കൈറ്റിലൂടെ നടത്തുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതുകൊണ്ട് 3,000 കോടി രൂപ ലാഭിച്ചത് നേരത്തെ നീതി ആയോഗിന്റേതുള്‍പ്പെടെ ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നെന്ന് മന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ പ്രതിഷ്ഠിച്ചു കൊണ്ടാണ് യുനെസ്‌കോ റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പരാര്‍ശം. പാഠ്യപദ്ധതി പരിഷ്‌കാരത്തിന്റെ ഭാഗമായി ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാഠപുസ്തകങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കിക്കൊണ്ടും, നിശ്ചിത എണ്ണം കുട്ടികള്‍ക്കുള്ള മെന്ററിംഗ്, പിന്തുണ, ലാഗ്വേജ് ലാബ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ ചട്ടക്കൂടുകള്‍ ശക്തമാക്കിയും ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ ലോകത്തെ നെറുകയിലേക്കുയര്‍ത്തും. സാങ്കേതിക വിദ്യയെ വിദ്യാഭ്യാസത്തില്‍ ഉള്‍ചേര്‍ക്കുന്നതില്‍ കേരളത്തിന് ലഭിച്ച അംഗീകാരമാണ് യുനെസ്‌കോ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  കടൽത്തീരത്ത് 'സ്വർണമുട്ട' വന്നടിഞ്ഞു, നി​ഗൂഢത; പിന്നിലെ രഹസ്യമറിയാൻ ​ഗവേഷക സംഘം! 
 

Latest Videos
Follow Us:
Download App:
  • android
  • ios