അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം; അഗ്നിവീർവായു മ്യുസിഷ്യൻ തസ്തികയിൽ റിക്രൂട്ട്‌മെന്റ്
കർണാടകയിലെ ബംഗളുരു കബൺ റോഡ് എന്നിവിടങ്ങളിൽ വച്ചാണ് റിക്രൂട്ടമെന്റ് റാലി.
ദില്ലി: അഗ്നിവീർ വായു മ്യുസിഷ്യൻ തസ്തികയിലേക്ക് ഇന്ത്യൻ വായുസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളിൽനിന്നും പുരുഷന്മാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നുമുതൽ 12 വരെ ഉത്തർപ്രദേശിലെ കാൺപുർ എയർഫോഴ്‌സ് സ്‌റ്റേഷൻ, കർണാടകയിലെ ബംഗളുരു കബൺ റോഡ് എന്നിവിടങ്ങളിൽ വച്ചാണ് റിക്രൂട്ടമെന്റ് റാലി.
സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്‌നെസ് ടെസ്റ്റ് 1,2, അഡാപ്റ്റബിലിറ്റി 2, മെഡിക്കൽ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത.
https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ മേയ് 22 മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ 2024 ജൂൺ അഞ്ച് രാത്രി 11.00 മണിവരെയുണ്ടാകും. രജിസ്റ്റർ ചെയ്തശേഷം പ്രൊവിഷണൽ അഡ്മിറ്റ് കാർഡ് ലഭിച്ച ഉദ്യോഗാർഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയിൽ അനുവദിക്കൂ. നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളേ പ്രൊവിഷണൽ കാർഡിൽ പറയുന്ന തീയതിയിലും സമയത്തിലും വേദിയിലും റിപ്പോർട്ട് ചെയ്യേണ്ടതുള്ളു.
മുൻഗണനാടിസ്ഥാനത്തിൽ രണ്ടു റിക്രൂട്ട്‌മെന്റ് റാലി വേദികൾ ഉദ്യോഗാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷന്റെ സമയത്തു തെരഞ്ഞെടുക്കണം. ജനനത്തീയതി: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും(രണ്ടുതിയതികളും ഉൾപ്പെടെ) മധ്യേ ജനിച്ചവരാകണം ഉദ്യോഗാർഥികൾ. അവിവാഹിതരായ ഉദ്യോഗാർഥികൾ (പുരുഷനും സ്ത്രീയും) മാത്രമേ റിക്രൂട്ട്‌മെന്റിന് അർഹരാകൂ. അഗ്നിവീർ സേവന കാലാവധിയായ നാലുവർഷത്തിനിടയ്ക്കു വിവാഹിതരാകില്ല എന്ന സത്യവാങ്മൂലം നൽകണം. വിശദവിവരങ്ങൾക്ക്: https://agnipathvayu.cdac.in/A-V/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം