ഇനി നെറ്റ് വേണ്ടേ? സെറ്റ് പാസായവര്‍ക്ക് കേരളത്തില്‍ കോളേജ് അധ്യാപകരാവാന്‍ സാധിക്കുമോ? ഈ സെറ്റ് വേറെയാണ്

കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി നടത്തുന്ന സെറ്റ് പരീക്ഷ പാസായാല്‍, നെറ്റ് യോഗ്യതയില്ലെങ്കിലും കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അര്‍ഹത ലഭിക്കുമെന്ന തരത്തില്‍ പുതിയ ഉത്തരവ് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.

SET exam in Kerala is not considered as the basic qualification for the appointment of assistant professor afe

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാത്രമല്ല അടിസ്ഥാന യോഗ്യതയെന്നും യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് പരീക്ഷകളില്‍ യോഗ്യത നേടിയവരും കോളേജ് അധ്യാപക നിയമനത്തിന് അര്‍ഹരാണെന്നും കാണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2018ലെ യുജിസി റെഗുലേഷന്‍ ഭേദഗതി പ്രകാരമാണ് നെറ്റിനൊപ്പം യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് എന്നിവ അധ്യാപക നിയമനത്തിനുള്ള യോഗ്യതകളായി നിജപ്പെടുത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്‍പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാനുള്ള നടപടിയുടെ ഭാഗമായുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

എന്നാല്‍ യുജിസി റെഗുലേഷനിലും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലും പ്രതിപാദിക്കുന്ന യുജിസി അംഗീകൃത സെറ്റ് യോഗ്യത, കേരളത്തിലെ ഹയര്‍ സെക്കന്ററി അധ്യാപക നിയമന യോഗ്യതയായ സെറ്റ് പരീക്ഷയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നതാണ് വാസ്തവം. കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി ദേശീയ തലത്തില്‍ നടക്കുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (NET) പുറമെ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കോളേജ് അധ്യാപക നിയമനത്തിനായി തന്നെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റുുകളും (SET) സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റുകളും (SLET) നടത്തുന്നുണ്ട്. യുജിസിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ SET, SLET പരീക്ഷകളാണ് കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. ഇത്തരം SET, SLET പരീക്ഷകള്‍ കേരളത്തില്‍ നടത്തപ്പെടുന്നില്ല. പകരം NET തന്നെയാണ് ഇവിടെ കോളേജ് അധ്യാപക യോഗ്യതയായി നിജപ്പെടുത്തിയിരുന്നത്. കേരളത്തില്‍ ആകെ ഒരുതവണ SLET പരീക്ഷ നടത്തിയിട്ടുമുണ്ട്.

അതേസമയം കേരളത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി നടത്തുന്ന State Eligibility Test കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയല്ല. മറിച്ച് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യത മാത്രമാണ്. യുജിസി അംഗീകൃത സെറ്റ് പരീക്ഷയായി കേരളത്തിലെ സെറ്റ് പരീക്ഷ കണക്കാക്കപ്പെടില്ലെന്ന് സാരം. ഫലത്തില്‍ കേരളത്തില്‍ നടത്തപ്പെടാത്ത യുജിസി അംഗീകൃത SET, SLET പരീക്ഷകള്‍ ഇവിടുത്തെ കോളേജുകളില്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി അംഗീകരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. യുജിസി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യത സംസ്ഥാനത്തും നടപ്പാക്കി സ്‍പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിലേക്കുള്ള സാങ്കേതിക നടപടിക്രമം മാത്രമായിരിക്കാം ഇതെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ള പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം നെറ്റ് യോഗ്യതയില്ലാതെ, ഇതര സംസ്ഥാനങ്ങളില്‍ പോയി യുജിസി അംഗീകൃത SET, SLET പരീക്ഷകള്‍ പാസായി വരുന്നവര്‍ക്ക് കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന കോളേജുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് വഴിയൊരുക്കാനാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അഭിപ്രായം തേടാത്തതും ഈ ആരോപണങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. അതേസമയം യുജിസി വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് 2002 ജൂണ്‍ ഒന്നിന് ശേഷം യുജിസി അംഗീകൃത സെറ്റ് പരീക്ഷകള്‍ പാസായി യോഗ്യത നേടിയവര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ കോളേജ് അധ്യാപക നിയമനങ്ങള്‍ക്ക് മാത്രമേ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസത്തെ ഉത്തരവിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios