പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല, കാസര്‍കോട് കേന്ദ്ര സർവകലാശാലയിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു

എം എ മലയാളത്തിലും കന്നഡയിലും പകുതിയിലേറെ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.

Seat Vacancies in Kasaragod Central University

കാസര്‍ഗോഡ് : കാസര്‍ഗോഡ് കേന്ദ്ര സർവകലാശാലയിൽ വിവിധ വകുപ്പുകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. എം എ മലയാളത്തിലും കന്നഡയിലും പകുതിയിലേറെ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇതോടെ സ്പോട്ട് അഡ്മിഷന്‍ നടത്തി വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍വകലാശാല. കാസര്‍കോട് പെരിയയിലെ സെൻട്രല്‍ യൂണിവേഴ്സിറ്റിയില്‍ എം എ മലയാളത്തിന് 40 സീറ്റുകളാണുള്ളത്. പകുതി സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. ജനറല്‍-4, ഒബിസി-10, പട്ടികജാതി-3, പട്ടിക വര്‍ഗം-3 എന്നിങ്ങനെയാണ് ഒഴിവുകള്‍.

40 സീറ്റുള്ള എംഎ കന്നഡയില്‍ 28 സീറ്റില്‍ ആളില്ല. ജനറല്‍-4, ഒബിസി-11, പട്ടികജാതി-6, പട്ടിക വര്‍ഗം-3, മുന്നോക്ക സംവരണം-4 എന്നിങ്ങനെ ഒഴിവുകള്‍. രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഒരൊറ്റ വിദ്യാര്‍ത്ഥി പോലും എത്തിയിട്ടില്ല. ലൈഫ് സ്കില്‍സില്‍ ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്സ് എന്നിവയ്ക്കാണ് ആരും എത്താതത്. നൂറ് വീതം സീറ്റുകളാണ് ഈ രണ്ട് കോഴ്സുകള്‍ക്കുമുള്ളത്.

കേന്ദ്രീകൃത പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇങ്ങനെ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത്. സ്പോട്ട് അഡ്മിഷന്‍ നടത്തി വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍വകലാശാല. ഈ മാസം 14 ന് രാവിലെ പത്തിന് മതിയായ രേഖകളുമായി എത്താനാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശം.

അതേസമയം കേരളത്തിലെ എൻജിനീയറിങ് കോളേജിലെ പ്രവേശന  തീയതി നീട്ടണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ആണ് സുപ്രീം കോടതി തീരുമാനം കേരളത്തിലെ പല കോളേജുകളിലെയും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാന സർക്കാർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകൻ അബ്ദുള്ള നസീഹ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഹർജി പരാമർശിച്ചതോടെയാണ് കോടതി തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios