കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷിക്കണം
എട്ട്, ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 70 ശതമാനം മാര്‍ക്കോടെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍ വിജയിച്ചിരിക്കണം.
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസിലോ അതിനു മുകളിലോ ഉള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്.
എട്ട്, ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 70 ശതമാനം മാര്‍ക്കോടെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍ വിജയിച്ചിരിക്കണം. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ്/ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രധാനാധ്യാപകനോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പും 2022-23 അധ്യായന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സ് സംബന്ധിച്ച സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ സ്ഥാപനം ഗവണ്‍മെന്‍റ് അംഗീകൃതമാണെന്ന് തെളിയിക്കുന്ന രേഖകളും നല്‍കണം.
അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും വിശദവിവരങ്ങളും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് ഒക്ടോബര്‍ 15ന് മുന്‍പ് നല്‍കണം. ഫോണ്‍: 0477-2267751.
ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി
ആലപ്പുഴ: ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുള്ള സമയപരിധി 0സെപ്റ്റംബര്‍ 20 വരെ നീട്ടി. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ശരിയായ ജനലുകള്‍, വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപ ലഭിക്കും.
സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന അപേക്ഷകര്‍ക്കും അത്തരത്തിലുള്ള മക്കളുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനു മുന്‍പ് പത്തു വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണ ധനസഹായം കൈപ്പറ്റിയവരും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ല കളക്ട്രേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ട്രേറ്റ് എന്ന വിലാസത്തിലോ നല്‍കണം. ഫോണ്‍: 0477- 2251676, 2252580.