ഇത് അറിഞ്ഞിരുന്നോ! ഒന്നര ലക്ഷം വരെ കിട്ടും, അസാപ് കേരളയുമായി കൈകോർത്ത് എസ്ബിഐയും എച്ച്ഡിഎഫ്സിയും, ലോൺ എളുപ്പം
ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഈ സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്
തിരുവനന്തപുരം: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്‌സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌കിൽ ലോൺ സൗകര്യം ഒരുക്കി എസ് ബി ഐയും എച്ച് ഡി എഫ് സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഇത് സഹായകമാകും. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്‌കിൽ കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾക്ക് സ്‌കിൽ ലോൺ ലഭിക്കും.
10.5 മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ ആദ്യത്തെ 6 മാസം വരെ മൊറൊട്ടോറിയം കാലാവധിയും അതിനു ശേഷം കോഴ്സ് പൂർത്തിയാക്കി മൂന്നുവർഷം മുതൽ 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഈ സ്‌കിൽ ലോണിന്റെ പ്രത്യേകതയാണ്. ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ എസ് ബി ഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച് ഡി എഫ് സി ഗവ. ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സി എം ഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി. നേരത്തെ മുതൽ കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്‌സുകൾക്ക് സ്‌കിൽ ലോൺ നൽകിവരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം അസാപിൽ നിന്നുള്ള മറ്റൊരു വാർത്ത സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ (കെ കെ ഇ എം) സ്കോളർഷിപ്പ് സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന ബിസിനസ് അനലിറ്റിക്സ്, പൈത്തൺ ഫോർ ഡേറ്റ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം എന്നതാണ്. ഡിഗ്രിയാണ് യോഗ്യത. അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കിൽ 20000 രൂപയോ സ്കോളർഷിപ്പായി ലഭിക്കും.