പവിഴം, ബ്രുണ്ണിയ; പശ്ചിമഘട്ടത്തിൽ നിന്ന് രണ്ടിനം പുതിയ ഞണ്ടുകളെ കണ്ടെത്തി ഗവേഷകർ
‘പവിഴം’ എന്ന പുതിയ ജനുസ്സ് പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിൽ കല്ലുകൾക്കടിയിൽ നിന്ന് ശേഖരിച്ചതാണ്.
തിരുവനന്തപുരം : തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ സ്പീഷീസുകളിലുംപ്പെടുന്ന, കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഞണ്ടുകളെ കേരളസർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഈ ഇനങ്ങളെ 'പവിഴം ഗവി' എന്നും 'രാജാതെൽഫൂസ ബ്രുണ്ണിയ' എന്നും പേരിട്ടു. കേരളസർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിലെ സ്മൃതി രാജ്, ബിജു കുമാർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ലീ കോങ് ചിയാൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങ് എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ കണ്ടെത്തലുകൾ സുവോളജിക്കൽ സ്റ്റഡീസ് എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
‘പവിഴം’ എന്ന പുതിയ ജനുസ്സ് പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിൽ കല്ലുകൾക്കടിയിൽ നിന്ന് ശേഖരിച്ചതാണ്. ചുവന്ന പവിഴക്കല്ലിന്റെ നിറവും മിനുസവും ഞണ്ടിന്റെ പുറന്തോടിൽ കാണുന്നതുകൊണ്ടാണ് പുതിയ ജനുസ്സിനു ‘പവിഴം’ എന്ന പേര് നൽകിയത്. ഗവിയിൽ നിന്ന് കണ്ടെത്തിയതിനാൽ പുതിയ സ്‌പീഷീസിന് ‘ഗവി’ എന്നും പേരിട്ടു. ഈ ഇനത്തിന് വീർത്തതും മിനുസമാർന്നതുമായ പുറന്തോടും, വളരെ വിശാലവും താഴ്ന്നതുമായ പല്ലുകൾ കണ്ണിനടുത്തും ഉണ്ട്. പുതിയ ജനുസ്സായ പവിഴത്തിന്, തെക്കൻ പശ്ചിമഘട്ടത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭരത, സ്‌നഹ എന്നീ ഇനങ്ങളുമായി ഉപരിപ്ലവമായി സാമ്യമുള്ളതാണ്. പവിഴം ഗവി എന്ന പുതിയ ഇനത്തിന്റെ പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് ഏറെയൊന്നും അറിയില്ല.
പവിഴം ഗവി
കേരളത്തിലെ ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി മേഖലയിൽ നിന്നാണ് ‘രാജതെൽഫൂസ ബ്രുണ്ണിയ’ എന്ന ഇന്നത്തെ കണ്ടെത്തിയത്. മെലിഞ്ഞതും കൂടുതൽ നീളമേറിയതുമായ ഗൊനോപോഡ് (ആൺ ഞണ്ടുകളുടെ ജനനേന്ദ്ര്യം) ഇവയെ മറ്റു ഞണ്ടുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നു. ഇരുണ്ട തവിട്ട് നിറമുള്ള ഇവയുടെ കാലുകളുടെ അഗ്രഭാഗത്തിന് മഞ്ഞകലർന്ന ഓറഞ്ച് നിറമായിരിക്കും. ശരീരത്തിന്റെ അടിവശം മഞ്ഞ കലർന്ന ഓറഞ്ച് മുതൽ ഇരുണ്ട വെള്ളനിറം വരെയാണ്. തവിട്ടുനിറത്തെ സൂചിപ്പിക്കുന്ന 'ബ്രുണ്ണിയ' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഇവയുടെ പേര് ഉരുത്തിരിഞ്ഞത്.
ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ നിന്നാണ് ഇതേ ഗവേഷകസംഘം രാജതെൽഫൂസ അള, മുനി എന്നീ രണ്ട് ഇനങ്ങളെ ആദ്യം കണ്ടെത്തിയിരുന്നത്. മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് ഒഴുകുന്ന പ്രകൃതിദത്ത അരുവിയിൽ നിന്ന് അകലെ ആഴത്തിലുള്ള മാളങ്ങളിലാണ് ഈ ഇനം വസിക്കുന്നത്. ഭൂഗർഭ ജല ചാനലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇവ ജീവിക്കുന്ന മാളങ്ങൾ. കുട്ടികളിലെ കഠിനമായ ചുമ ചികിത്സിക്കുന്നതിനായി പ്രദേശവാസികൾ ഞണ്ടുകളെ മരുന്നായി ഉപയോഗിക്കുന്നു. പൊതു റോഡിനോട് വളരെ അടുത്തായ ഒരു ചെറിയ
പ്രദേശത്ത് നിന്ന് മാത്രം കാണപ്പെടുന്നതിനാൽ പുതിയ ജീവിവർഗത്തിന് നിരവധി ഭീഷണികൾ ഉണ്ട്.
രാജതെൽഫൂസ ബ്രുണ്ണിയ
രണ്ട് പുതിയ സ്പീഷിസുകളുടെയും അറിയപ്പെടാത്ത പെരുമാറ്റരീതികൾ, കരയിലും വെള്ളത്തിലുമായുള്ള ജീവിതം എന്നിവയൊക്കെ ആവണം ഇവയെ മുൻകാലങ്ങളിൽ കണ്ടെത്താൻ കഴിയാതിരുന്നത് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സ്മൃതി രാജ് പറയുന്നു. കരപ്രദേശങ്ങളിൽ
നിന്ന് ഇത്തരം നിരവധി ഞണ്ടുകളെ പശ്ചിമഘട്ടമേഖലയിലും സമീപപ്രദേശങ്ങളിലും നിന്ന് ഇനിയും കണ്ടെത്താനുണ്ട്. പശ്ചിമഘട്ടത്തിലെ ശുദ്ധജല ഞണ്ടുകളുടെ വൈവിധ്യം വളരെ ഉയർന്നതാണ്, പുതിയ സ്പീഷീസുകൾ സ്ഥിരമായി കണ്ടെത്തുകയും ചെയ്യപ്പെടുന്നു. ഈ പ്രദേശത്ത് ഇപ്പോൾ അറിയപ്പെടുന്ന 72 ശുദ്ധജല ഞണ്ടുകളിൽ 16 ജനുസ്സുകളിൽ നിന്നുള്ള 42 സ്പീഷീസുകൾ കേരളത്തിൽ മാത്രം കാണപ്പെടുന്നു,
അതിൽ 22 എണ്ണം പ്രാദേശികജാതികൾ (endemics) ആണ്. പശ്ചിമഘട്ടത്തിലെ വ്യത്യസ്തമായ പരിസ്ഥിതി വ്യവസ്ഥകളും, സൂക്ഷ്മ കാലാവസ്ഥയും പുതിയ ജൈവജാതികൾ രൂപം കൊള്ളുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ട്ടിക്കുന്നുവെന്നുമാത്രമല്ല, അധികം
വ്യാപനശേഷിയില്ലാത്തതും (മുട്ടയിൽ നിന്ന് നേരിട്ട് കുഞ്ഞുങ്ങൾ വിരിയുന്ന രീതിയാണ് ശുദ്ധജല ഞണ്ടുകളിൽ കാണപ്പെടുന്നത്, എന്നാൽ കടലിൽ ഇവക്ക് ലാർവകളും ഉണ്ട്) ഉയർന്ന രീതിയിൽ പുതിയ ജൈവജാതികൾ ഉണ്ടാകുന്നതിന് (speciation) കാരണമാവും എന്ന് കേരളസർവകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് മേധാവി ഡോ ബിജു കുമാർ അഭിപ്രായപ്പെട്ടു.