പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോർന്നു; വാട്സ്ആപ്പിൽ പ്രചരിച്ചു; സംഭവം ഉത്തര്‍പ്രദേശിൽ
പൊലീസ് കോൺസ്റ്റബിൾ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ചോര്‍ന്നിരിക്കുന്നത്
ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച. പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ഇതേത്തുടര്‍ന്ന് മൂന്നംഗ സമിതിയെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യുപി പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ചോര്‍ന്നിരിക്കുന്നത്.
ഫെബ്രുവരി 17, 18 തീയതികളിലാണ് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമായതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. 48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷിക്കുകയും 43 ലക്ഷം പേർ എഴുതുകയും ചെയ്ത പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് പരീക്ഷ നടക്കുന്നതിന് മണിക്കൂറുകൾ മുൻപ് ചോര്‍ന്നതായി വിവരം പുറത്തായത്. 50,000 മുതൽ 2 ലക്ഷം രൂപ വരെ വിലയിൽ ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെയാകെ സമ്മര്‍ദ്ദത്തിലാക്കി ചോദ്യപ്പേപ്പര്‍ ചോര്‍ന്നിരിക്കുന്നത്.