ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കാൻ അനുമതി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സ്‌പെഷ്യൽ ടീച്ചർക്ക് 32,560 രൂപ വരെ നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 24,520 രൂപയായും വർധിപ്പിക്കാം. 

Permission to increase the honorarium of Buds School staff

തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ (BUDS Scholl Staffs) ഹോണറേറിയം (honorarium)  വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു (M V Govindan Master). പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.  സ്‌പെഷ്യൽ ടീച്ചർക്ക് 32,560 രൂപ വരെ നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 24,520 രൂപയായും വർധിപ്പിക്കാം. 

ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും. പ്രൊഫഷണൽ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കിൽ ബഡ്‌സ് സ്‌കൂളുകളിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. സ്‌പെഷ്യൽ ടീച്ചറുടെ നിലവിലുള്ള ഹോണറേറിയം 30,675 രൂപയും  അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 23,100 രൂപയുമാണ്. ബഡ്‌സ് സ്‌കൂളുകൾക്കും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾക്കും സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും ഉൾപ്പെടെ പഞ്ചായത്തുകൾക്ക് പദ്ധതി തയ്യാറാക്കാം. ഇതിനായി ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും വിനിയോഗിക്കാൻ അനുവാദം നൽകി.

സമൂഹത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടവരെ പരിപാലിക്കുന്നവരോടൊപ്പം സർക്കാർ എന്നുമുണ്ടാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബഡ്‌സ് സ്‌കൂളുകളുടെ പരിപാലനത്തിലും വികസനത്തിലും തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധയോടെ ഇടപെടണം. ഓരോ കുട്ടിയുടെയും പരിപാലനത്തിലും വളർച്ചയിലും തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

പാലിയേറ്റീവ് കെയർ നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചു
സംസ്ഥാനത്തെ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്‌സുമാരുടെ ശമ്പളം 18390 രൂപയായി വർധിപ്പിച്ചു. 2021 ഫെബ്രുവരി 1 മുതൽ വർധനയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. പാലിയേറ്റീവ് നഴ്‌സുമാരെ സംബന്ധിച്ച മാർഗരേഖ കാലികമായി പുതുക്കാനും ഉചിതമായിട്ടുള്ള വിഭാഗം കണ്ടെത്താനും മന്ത്രി നിർദേശിച്ചു. നിലവിൽ പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്യൂണിറ്റി നഴ്‌സുമാരെയും തുടർന്നും കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios