പിഎസ്‍സി റാങ്ക് പട്ടിക നോക്കുകുത്തി, ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകരില്ല;432 സ്കൂളുകളിൽ നിയമനവുമില്ല
ബഹുഭൂരിപക്ഷം സർക്കാർ ഹൈസ്കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
കോഴിക്കോട് : സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ടീച്ചർമാർ വേണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില. ബഹുഭൂരിപക്ഷം സർക്കാർ ഹൈസ്കൂളിലും മറ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പുതിയ റാങ്ക് പട്ടികയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും ഇംഗ്ലീഷ് ഭാഷ വഴങ്ങുന്നില്ലെന്നതാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്‍റെ പ്രധാന പോരായ്മകളിലൊന്ന്. നമ്മുടെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകരില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ 413 സർക്കാർ ഹൈസ്കൂളുകളടക്കം, 642 സ്കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരില്ല. മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് പിരീഡുകൾക്കായി നിയോഗിക്കുന്നതാണ് പതിവ്. പുതിയ തസ്തിക സൃഷ്ടിച്ച് ഒഴിവുകൾ നികത്തണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് വർഷം ആകാറായിട്ടും സർക്കാർ അനങ്ങിയിട്ടില്ല.
കെ-ഫോണിനോട് തണുപ്പൻ പ്രതികരണം, സഹകരിക്കാൻ തയ്യാറാകാതെ കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍
ഇംഗ്ലീഷ് അധ്യാപകരില്ലാത്തതാണ് ഭാഷ പഠിക്കുന്നതിൽ കുട്ടികളുടെ നിലവാരത്തകർച്ചയ്ക്ക് കാരണമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ഇംഗ്ലീഷ് അധ്യാപകരുടെ കഴിഞ്ഞ പിഎസ്‍സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയായിരുന്നു സ്കൂളുകളിലെ നിയമനങ്ങൾ. ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഈ മാസം 16 ന് ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.