കണക്ക് പഠിക്കാൻ മഞ്ചാടി; പ്രൈമറി കുട്ടികളിലെ ഗണിതശേഷി മികവുയർത്താൻ 101 വിദ്യാലയങ്ങളിൽ പദ്ധതി
നാലുവർഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം: ഗണിതപoന പിന്നാക്കാവസ്ഥ പരിഹരിക്കാൻ കേരള സർക്കാർ കെ ഡിസ്ക് മുഖേനെ വികസിപ്പിച്ചെടുത്ത മഞ്ചാടി പoനരീതി സംസ്ഥാനത്തെ 101 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. താരതമ്യേനെ പ്രയാസമേറിയ ഭിന്നസംഖ്യ എന്നാശയമാണ് മഞ്ചാടി പദ്ധതിയുടെ ഭാഗമായി ലളിതമായി കുട്ടികളിലെത്തിക്കുന്നത്. നാലുവർഷമായി കെ ഡിസ്ക് നടത്തി വന്ന അന്വേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന നൂതന രീതിയാണ് പാഠ്യപദ്ധതി വിനിമയത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്.
ചെറുവത്തൂർ (കാസർഗോഡ്), കുറുമാത്തൂർ, മുണ്ടേരി (കണ്ണൂർ), കൊയിലാണ്ടി, ചേവായൂർ (കോഴിക്കോട്), കാട്ടാക്കട (തിരുവനന്തപുരം) എന്നീ സബ്ജില്ലകളിലും സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളിലുമാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാകിരണം മിഷൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് നിർവഹണം. ഗവേഷണാത്മക നേതൃത്വം എസ് സി ഇ ആർ ടി ക്കാണ്.
പദ്ധതിയുടെ ആസൂത്രണത്തിനായി എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല ശില്പശാല പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ അധ്യക്ഷയായി. വിദ്യാകിരണം കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, ഡോ. രതീഷ് കാളിയാടൻ, എം ഉഷ, കെ കെ ശിവദാസൻ, തുടങ്ങിയവർ സംസാരിച്ചു. എ കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.