NEET UG Examination : ബിരുദതല മെഡിക്കൽ പ്രവേശനം: നീറ്റ് - യു. ജി. പരീക്ഷ ജൂലായ് 17 ന് മെയ് 6 വരെ അപേക്ഷിക്കാം

യോഗ്യതാ കോഴ്സ് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
 

NEET UG examination held from July 17 to May 6

തിരുവനന്തപുരം: ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള (medical Education) രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് - യു. ജി.) (NEET UG) 2022ന്, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ.) (National Testing Agency) അപേക്ഷ ക്ഷണിച്ചു. മെയ് ആറുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് 17 ന് (ഞായർ) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും. കേരളത്തിലെ സെന്‍ററുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

നീറ്റ് – യു. ജി. എന്തിന്?
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനമാണ് പ്രധാനമായും നീറ്റ് - യു. ജിയുടെ പരിധിയിൽ വരുന്നത്. ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബി. എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് - യു. ജി. സ്കോർ ഉപയോഗിച്ചു വരുന്നു. കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് - യു. ജി. ബാധകമാക്കിയിട്ടുണ്ട്.
 
നീറ്റ് – യു. ജി. പ്രോഗ്രാമുകൾ
മെഡിക്കൽ പ്രോഗ്രാമുകള്‍: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം. എസ്,
മെഡിക്കൽ അലൈഡ് പ്രോഗ്രാമുകള്‍: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി. എസ്‌സി. (ഫോറസ്ട്രി), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി. വി. എസ്‌സി. & എ. എച്ച്. (വെറ്ററിനറി), ബി.  എസ്‌സി. കോ-ഓപ്പറേഷൻ & ബാങ്കിങ്, ബി. എസ്‌സി. ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി. ടെക്. ബയോടെക്നോളജി.

നീറ്റ് – യു. ജി. യോഗ്യത
2022 ഡിസംബര്‍ 31ന് 17 വയസ്സ് പൂർത്തിയായവര്‍ക്ക് (31.12.2005 നോ മുൻപോ ജനിച്ചവർക്ക്) അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്ര ത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്ക് (പട്ടിക/മറ്റുപിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാർക്ക് 40%) വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ കോഴ്സ് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്/ സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, അംഗീകൃത സംസ്ഥാന ബോർഡിലെ പ്രൈവറ്റ് പഠനം എന്നിവ വഴി യോഗ്യത നേടിയവർ, ബയോളജി/ബയോടെക്നോളജി അധിക വിഷയമായി പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പക്ഷേ, അവരുടെ പ്രവേശന അർഹത കോടതിവിധിക്ക് വിധേയമായിരിക്കും. നിശ്ചിത സയൻസ് വിഷയങ്ങളോടെയുള്ള ഇന്റർമീഡിയറ്റ്/ പ്രീഡിഗ്രി പരീക്ഷ, പ്രീപ്രൊഫഷണൽ/പ്രീ മെഡിക്കൽ പരീക്ഷ ത്രിവത്സര സയൻസ് ബാച്ചിലർ പരീക്ഷ, സയൻസ് ബാച്ചിലർ കോഴ്സിന്റെ ആദ്യവർഷ പരീക്ഷ, പ്ലസ്ടുവിന് തത്തുല്യമായ അംഗീകൃത പരീക്ഷ എന്നിവയിലൊന്ന് ജയിച്ചവർക്കും വ്യവസ്ഥകൾക്ക് വിധേയമായി നീറ്റ് – യു. ജിയ്ക്ക് അപേക്ഷിക്കാം.
 
ഫീസ് നിരക്കുകള്‍ ഇങ്ങനെ
അപേക്ഷാഫീസ് 1600 രൂപ. ജനറൽ ഇ.ഡബ്ലൂ.എസ്./ഒ.ബി.സി. 1500 രൂപ, പട്ടിക ഭിന്നശേഷി/തേർഡ് ജെൻഡർ 900 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് അപേക്ഷാ ഫീസ് 8500 രൂപയാണ്. ഓൺലൈനായി മേയ് 7 വരെ ഫീസടയ്ക്കാം.

അവസാന തീയതി മേയ് 6
അപേക്ഷ മേയ് 6 രാത്രി 11.50 വരെ https://neet.nta.nic.in വഴി ഓൺലൈനായി നൽകാം. കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള മെഡിക്കൽ & മെഡിക്കൽ അലൈഡ് പ്രവേശനത്തിൽ താത്പര്യമുള്ളവർക്ക് കേരള പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഏപ്രിൽ 30 വൈകീട്ട് 5 മണിക്കകം www.cee.kerala.gov.in വഴി അപേക്ഷ നൽകണം. അതോടൊപ്പം നീറ്റ് - യു.ജിയ്ക്ക് മേയ് ആറിനകം അപേക്ഷിക്കുകയും വേണം.

പരീക്ഷാസമയം മൂന്ന് മണിക്കൂര്‍ 20 മിനിറ്റ്; ചോദ്യപേപ്പർ മലയാളത്തിലും
പരീക്ഷയുടെ സമയം 3 മണിക്കൂറിൽനിന്ന് 3 മണിക്കൂർ 20 മിനിറ്റായി ദീർഘിപ്പിച്ചിട്ടുണ്ട്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. ഒ.എം.ആർ. ഷീറ്റുപയോഗിച്ചുള്ള ഓഫ് ലൈൻ പരീക്ഷയായിരിക്കും നീറ്റ്- യു.ജി. 2022. പരീക്ഷയുടെ സിലബസ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട് (https://neet.nta.nic.in). ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കും.

കേരളത്തില്‍ 18 പരീക്ഷാ കേന്ദ്രങ്ങൾ
പത്തനംതിട്ട, കണ്ണൂർ, പയ്യന്നൂർ, വയനാട്, ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കാസർകോട്, കൊല്ലം,കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി. അപേക്ഷിക്കുമ്പോൾ 4 കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. വിദേശത്ത് 14 പരീക്ഷാകേന്ദ്രങ്ങളുണ്ട്.


 

Latest Videos
Follow Us:
Download App:
  • android
  • ios