'ഗീതയും ഖുറാനും ബൈബിളും പോലെ എൻസിഇആ‍ർടി'; നീറ്റിൽ 720/720 നേടി ചരിത്രം സൃഷ്ടിച്ച വിദ്യാർത്ഥിക്ക് പറയാനുള്ളത്

ദിവസത്തിലെ 15 മണിക്കൂറും നീറ്റിനായുള്ള തയാറെടുപ്പിന് മാറ്റിവച്ചാണ് ഈ നേട്ടത്തില്‍ എത്തിയതെന്ന് പ്രഭാഞ്ജൻ പറയുന്നു. 700ന് മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു.

NCERT is like Bible, Quran, Gita says neet exam topper btb

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വിവാദങ്ങള്‍ കത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള എൻ. പ്രഭാഞ്ജൻ ഒന്നാം റാങ്ക് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. പ്രഭാഞ്ജനും ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തിയും 720ല്‍ 720 മാര്‍ക്കും നേടിയാണ് അഭിമാനമായി മാറിയത്. ദിവസത്തിലെ 15 മണിക്കൂറും നീറ്റിനായുള്ള തയാറെടുപ്പിന് മാറ്റിവച്ചാണ് ഈ നേട്ടത്തില്‍ എത്തിയതെന്ന് പ്രഭാഞ്ജൻ പറയുന്നു. 700ന് മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു.

എന്നാല്‍, 720ല്‍ 720 ലഭിക്കുമെന്ന് കരുതിയതേയില്ല. സ്വന്തം ഷെഡ്യൂൾ പിന്തുടരുകയും ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്തുവെന്നും പ്രഭാഞ്ജൻ പറഞ്ഞു. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും  പ്രഭാഞ്ജൻ ഊന്നിപ്പറഞ്ഞു. നീറ്റ് ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത സോഴ്സാണ് എൻസിഇആര്‍ടി. ഗീതയും ഖുറാനും ബൈബിളും പോലെ തന്നെയാണ് എൻസിഇആര്‍ടിയെന്നും പ്രഭാഞ്ജൻ കൂട്ടിച്ചേര്‍ത്തു.

നീറ്റ് പരീക്ഷയിൽ വിജയം ആഗ്രഹിക്കുന്നവരോട് സമഗ്രമായ തയ്യാറെടുപ്പിന്റെയും നിരവധി മോക്ക് ടെസ്റ്റുകൾ എടുക്കുന്നതിന്റെയും പ്രാധാന്യം പ്രഭഞ്ജൻ ഊന്നിപ്പറഞ്ഞു. ഇത്തരം ടെസ്റ്റുകള്‍ വിദ്യാർത്ഥികള്‍ക്ക് വൈവിധ്യമാർന്ന ചോദ്യങ്ങള്‍ പരിചിതമാകാൻ സഹായിക്കും. പരീക്ഷാ രീതിയെ കുറിച്ച് മനസിലാക്കാനും ആത്മവിശ്വാസം നേടാനും സഹായിക്കുകയും ചെയ്യുമെന്നും  പ്രഭഞ്ജൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് പരീക്ഷ ഫലം പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആക്രമണം ബിജെപി കടിപ്പിച്ചിരുന്നു. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിൻ കത്തയച്ചിരുന്നു. ഇതേ ദിവസം തന്നെ വന്ന നീറ്റ് ഫലത്തില്‍ മിന്നുന്ന നേട്ടമാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയത്. ഈ നീറ്റ് ഫലം ഡിഎംകെയ്ക്ക് പാഠമെന്നാണ് പിന്നാലെ തമിഴ്നാട് ബിജെപി പ്രതികരിച്ചത്. നീറ്റിനെ രാഷ്ട്രീയവത്കരിക്കാൻ ഡിഎംകെ ശ്രമിച്ചെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ തുറന്നടിച്ചു. നീറ്റ് റാങ്കിംഗില്‍ ആദ്യ എഴിൽ നാല് പേരും തമിഴ്നാട്ടിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം കടുപ്പിച്ചത്. 

'ഒരമ്മയ്ക്കും ഈ ഗതി വരല്ലേ, ദൈവദൂതന് തുല്യമല്ലേ ഒരു ഡോക്ടര്‍, എന്നിട്ട്...'; 14 വർഷമായി കണ്ണീര് തോരാതെ ഓമന

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios