നബീലിന് തുടർന്ന് പഠിക്കാം; 24 മണിക്കൂർ കൊണ്ട് നഷ്ടപ്പെട്ട രേഖകൾ തയ്യാറാക്കി നൽകി വിദ്യാഭ്യാസ വകുപ്പ്
പിറ്റേന്ന് തിരിച്ച് വീട്ടിലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പിറ്റേന്നായപ്പോഴേക്കും നാടും വീടും ഒന്നുമില്ലാത്ത അവസ്ഥയായി എന്നും നബീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ട മുഹമ്മദ് നബീലിന് വേഗത്തിൽ രേഖകൾ തയ്യാറാക്കി നൽകി വിദ്യാഭ്യാസ വകുപ്പ്. വീടിനൊപ്പം നബീലിന് എല്ലാ രേഖകളും നഷ്ടപ്പെട്ടിരുന്നു. സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ഇന്നലെ നൽകിയ അപേക്ഷ പരിഗണിച്ച് ഉപരിപഠനത്തിനായി ഇന്ന് തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് നൽകിയത്.
മുണ്ടക്കൈയിലായിരുന്നു നബീലിന്റെ കുടുംബം താമസിച്ചിരുന്നത്. പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ കുടുംബം താത്ക്കാലികമായി മാറിയിരുന്നു. പിറ്റേന്ന് തിരിച്ച് വീട്ടിലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ പിറ്റേന്നായപ്പോഴേക്കും നാടും വീടും ഒന്നുമില്ലാത്ത അവസ്ഥയായി എന്നും നബീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീട്ടുകാരെല്ലാം സുരക്ഷിതരാണ്. സിയുഇടി എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. അതിന്റെ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചതിനാൽ സർട്ടിഫിക്കറ്റുകൾ ആവശ്യമായിരുന്നു. ഇപ്പോൾ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് റെഡിയാക്കി ലഭിച്ചിരിക്കുന്നത്. ഇനി പ്ലസ് ടൂ സർട്ടിഫിക്കറ്റും വേണം.
ദുരന്തം നടന്ന സമയത്ത് തന്നെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഏതൊക്കെ മേഖലകളിൽ ഇടപെടണം എന്നതിനെ കുറിച്ച് നിർദേശം ലഭിച്ചിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.