43ാമത്തെ വയസ്സിൽ ബിരുദപഠനം, ഒരേ കോളേജിൽ അവസാന വർഷ പരീക്ഷയെഴുതി അമ്മയും മകളും
43ാമത്തെ വയസ്സിൽ ബിരുദപഠനത്തിന് തീരുമാനിച്ച അമ്മയോട് മകൾ ആതിര ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ, 'അമ്മയെക്കൊണ്ടിത് സാധിക്കുമോ? പഠിക്കുന്നതൊക്കെ കൊള്ളാം. ജയിച്ചേക്കണം' എന്ന്.
''മകൾ മിടുക്കിയായി പഠിക്കാൻ വേണ്ടിയാണ് സുജാത വീണ്ടും സ്കൂളിൽ പോകാൻ തീരുമാനിച്ചത്. യൂണിഫോമിൽ, സ്കൂൾ ബാഗുമായി തനിക്കൊപ്പം പത്താം ക്ലാസിലെത്തിയ സുജാതയെ മകൾക്ക് അത്ര പെട്ടെന്ന് അംഗീകരിക്കാനും കഴിഞ്ഞില്ല. പിന്നീട് അമ്മയുടെ വിജയം അംഗീകരിക്കാൻ അവർക്കിടയിൽ മറ്റെന്തൊക്കെയോ സംഭവിക്കേണ്ടി വന്നു. 'ഉദാഹരണം സുജാത'യെന്ന മഞ്ജുവാര്യർ സിനിമയെക്കുറിച്ചാണ് പറഞ്ഞത്. സിനിമയവിടെ നിൽക്കട്ടെ, ജീവിതത്തിലേക്ക് വരാം. ഒപ്പം കൈരളി എന്ന അമ്മയെയും ആതിര എന്ന മകളെയും പരിചയപ്പെടാം. ഈ അമ്മയും മകളും ഒരുമിച്ച്, ഒരേ കോളേജിലാണ് അവസാന വർഷ ബിരുദ പരീക്ഷയെഴുതിയത്.
43ാമത്തെ വയസ്സിൽ ബിരുദപഠനത്തിന് തീരുമാനിച്ച അമ്മയോട് മകൾ ആതിര ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ, 'അമ്മയെക്കൊണ്ടിത് സാധിക്കുമോ? പഠിക്കുന്നതൊക്കെ കൊള്ളാം. ജയിച്ചേക്കണം' എന്ന്. 'അമ്മ നന്നായി പഠിച്ചോളാം. തത്ക്കാലം ഇതാരും അറിയണ്ട,' എന്നായിരുന്നു കൈരളി മകളോട് മറുപടി പറഞ്ഞത്. എന്തായാലും ആറാം സെമസ്റ്റർ ബിരുദ പരീക്ഷയെഴുതാൻ അമ്മയും മകളും ഒന്നിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. ഒരേ പോലെ പഠിച്ച്, ഒരുമിച്ച് പരീക്ഷയെഴുതിയിറങ്ങിയ അമ്മയും മകളും വൈറലായതിന് പിന്നിൽ നിശ്ചയദാർഡ്യത്തിന്റെ ഒരു കഥ കൂടിയുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎ സോഷ്യോളജി മൂന്നാം വർഷ പരീക്ഷയെഴുതുകയാണ് കൈരളി. മകൾ ആതിര ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിനിയാണ്. ആതിര പഠിക്കുന്ന അതേ കോളേജില്‍ തന്നെയാണ് അമ്മ കൈരളിയും പരീക്ഷയെഴുതാനെത്തിയത്. അമ്മയും മകളും ഒരേ കോളേജില്‍ തന്നെ പരീക്ഷയെഴുതി!
നിശ്ചയദാർഡ്യം കൊണ്ട് അതിശയിപ്പിച്ചു കളയും ചിലർ. അക്കൂട്ടത്തിലാണ് കൈരളി എന്ന അംഗനവാടി അധ്യാപിക. 25 വർഷം മുമ്പാണ് കൈരളി പഠനം അവസാനിപ്പിച്ചത്. പ്രീഡിഗ്രിക്ക് ഒരു വിഷയത്തിന് തോറ്റു. പിന്നീട് എഴുതി എടുത്തില്ല. വീട്ടിലെ സാഹചര്യവും മോശമായിരുന്നു. അങ്ങനെ 18ാമത്തെ വയസ്സിൽ പഠനം നിർത്തി അംഗൻവാടിയിൽ താത്ക്കാലിക ജോലിയിൽ പ്രവേശിച്ചു. ഈ സമയത്തൊന്നും പഠനം എന്ന് ചിന്തിച്ചിട്ട് പോലുമില്ല. പിന്നീട് ജോലി സ്ഥിരമായതിന് ശേഷം വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് തോന്നിയ സാഹചര്യങ്ങളെ നേരിടേണ്ടി വന്നപ്പോൾ കൈരളിക്ക് തോന്നി, ഒരിക്കൽ മുടങ്ങിയ പഠനം വീണ്ടും തുടങ്ങിയാലോ എന്ന്. ഓപ്പൺ ഡിഗ്രിക്ക് ചേർന്നു കഴിഞ്ഞാൽ പ്ലസ് ടൂ തോറ്റ വിഷയം എഴുതാം പിന്നെ നേരിട്ട് ഡിഗ്രിക്ക് ചേരാം എന്നറിഞ്ഞു. അങ്ങനെ 2019 ൽ പ്ലസ് ടൂ എഴുതി പാസ്സായി.
മകൾ ആതിര ഡിഗ്രിക്ക് പ്രവേശനം നേടിയപ്പോൾ കൈരളിയും വിദൂര വിദ്യാഭ്യാസം വഴി ബിരുദപഠനത്തിന് തീരുമാനിച്ചു. അമ്മ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആതിര പറഞ്ഞതിങ്ങനെ, ''ഇത്രയും വർഷം പഠിക്കാതിരുന്നിട്ട് അമ്മക്ക് ഇനി പഠിക്കാൻ പറ്റുമോ എന്ന് ടെൻഷനുണ്ടായിരുന്നു. കാരണം എന്റെ സുഹൃത്തുക്കളിൽ പലരും തോറ്റു പോകുന്നുണ്ട്. വേറെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നോക്കാം എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ, ആദ്യ സെമസ്റ്ററിന്റെ റിസൽട്ട് വരട്ടെ എന്നിട്ട് നോക്കാം, പഠനം തുടരണോ വേണ്ടയോ എന്ന്. പക്ഷേ കൊവിഡിനെ തുടർന്ന് റിസൽട്ട് വൈകി. പിന്നെയാണ് രണ്ടും മൂന്നും സെമസ്റ്റർ ഒന്നിച്ചു വന്നത്. ഇപ്പോ റിസൽട്ട് വന്നപ്പോ അമ്മ കൊഴപ്പമില്ലെന്ന് തോന്നി. അമ്മയെക്കൊണ്ട് പറ്റും എന്ന് തോന്നിയപ്പോ ഞാനും സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. ഡിസ്റ്റന്റ് ആയി പഠിക്കുന്നവരിൽ ഏറ്റവും മുതിർന്നയാൾ അമ്മയാണ്. ഇതേപോലെ പഠിക്കുന്ന എന്റെ പ്രായത്തിലുള്ള പലരും തോറ്റുപോയി, പക്ഷേ അമ്മ എല്ലാ വിഷയത്തിനും ജയിച്ചു. ഇപ്പോ എനിക്ക് അഭിമാനമാണ് അമ്മയെക്കുറിച്ച് പറയാൻ.'' അമ്മയും മോളും വിദ്യാർത്ഥികളായപ്പോൾ എല്ലാ പിന്തുണയും നൽകി, വീട്ടുകാര്യങ്ങളിലുൾപ്പെടെ സഹായിച്ച് കൂടെ നിന്നത് അച്ഛൻ മുരളീധരനായിരുന്നു.
സോഷ്യോളജിയായത് കൊണ്ട് പഠിക്കാൻ എളുപ്പമാണെന്ന് കൈരളി. അംഗനവാടി പ്രവർത്തനങ്ങൾ സോഷ്യോളജിയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമായത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാനും പറ്റുന്നുണ്ട്. 15 വർഷമായി സ്ഥിരം ജോലി കിട്ടിയിട്ട്. പതിനെട്ടു വയസ്സിൽ താത്ക്കാലികമായി കിട്ടിയ ജോലിയാണിത്. ''അംഗനവാടി ഹെൽപറായിരുന്നുഎന്‍റെ അമ്മ. അംഗനവാടിയിൽ എനിക്കൊരു ജോലി എന്നേ അമ്മ അന്ന് കരുതിയുള്ളൂ. അതിന് വേണ്ടിയാണ് അമ്മ കഷ്ടപ്പെട്ട് പഠിപ്പിച്ചത്. അമ്മയുടെ പ്രയത്നം കൊണ്ടാണ് എനിക്ക് ജോലി കിട്ടിയതെന്നും എനിക്കുറപ്പുണ്ട്. അമ്മക്കന്ന് വയ്യായ്കയുള്ള സമയം കൂടിയാണ്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിട്ട് വേണം ചിലപ്പോൾ സ്കൂളിലേക്ക് പോകാൻ. അങ്ങനെയൊക്കെയായിരുന്നു സാഹചര്യം. പ്രീഡിഗ്രി തോറ്റ വിഷയം രണ്ടാമതെഴുതിയിട്ടും കിട്ടിയില്ല. അതുകൊണ്ട് ഈ ശ്രമത്തിലും പേടിയായിരുന്നു. 'മോളോട് ഞാൻ പറഞ്ഞത് അമ്മയൊരു സെം എഴുതി നോക്കട്ടെ. രണ്ട് മൂന്നു വിഷയത്തിനൊക്കെ തോറ്റാൽ ഞാൻ ചിലപ്പോൾ ഇതിൽ നിന്നൊക്കെ പിന്തിരിയും.' മോൾ പഠിക്കുന്ന കോളേജിലാണ് പരീക്ഷയെന്ന് മാഷ് പറഞ്ഞപ്പോഴേ എന്റെ സമാധാനം പോയി. ആരും അറിയാതെ സൂത്രത്തിലെഴുതാംന്ന് വെച്ചതാ. തോറ്റുപോയാൽ എന്റെ മോൾക്കും അതൊരു സങ്കടമാകില്ലേ?'' പഠനത്തെക്കുറിച്ച് കൈരളി.
''എഴുപത് വയസ്സുണ്ട് എന്റെ അമ്മക്ക്. ഇപ്പോഴും എന്റെ സന്തോഷത്തിനും താത്പര്യങ്ങൾക്കും ഒപ്പം നിൽക്കും. പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴും അമ്മക്ക് സന്തോഷമായിരുന്നു. പണ്ട് ചെറുപ്പത്തിൽ സൈക്കിൽ പഠിപ്പിക്കാൻ അമ്മയൊരുപാട് ശ്രമിച്ചിട്ടുണ്ട്. പേടിച്ചിട്ട് അന്നെനിക്കത് സാധിച്ചില്ല. ആ ഞാനാണ് എട്ട് വർഷം മുൻപ് ഡ്രൈവിംഗ് പഠിച്ച് ഇപ്പോൾ സ്കൂട്ടർ ഓടിക്കുന്നത്. ഓരോ സാഹചര്യങ്ങളാണ് ഇത്തരം കാര്യങ്ങളൊക്കെ പഠിക്കാൻ അവസരമൊരുക്കുന്നതെന്ന് എനിക്കിപ്പോ മനസ്സിലായി. ഇനിയിപ്പോ ആറാം സെമസ്റ്ററിന്റെ റിസൽട്ട് വരുമ്പോ എങ്ങനെയാകും എന്നൊരു ടെൻഷനും ഉണ്ട്. മലയാളത്തിന് ഒന്നും രണ്ടും സെമസ്റ്ററില് മോളേക്കാൾ കൂടുതൽ മാർക്കുണ്ടായിരുന്നു എനിക്ക്.'' അമ്മ ഇതെപ്പോഴാണ് ഇരുന്ന് പഠിക്കുന്നതെന്ന് ചോദിക്കുന്നിടം വരെയെത്തി കാര്യങ്ങൾ എന്ന് കൈരളി നിറചിരിയോടെ പറയുന്നു.
രാവിലെ ഏഴുമണിവരെ പഠിക്കും. ഒൻപത് മണിയാകുമ്പോൾ അംഗൻവാടിയിലേക്ക്. അവിടുത്തെ ജോലി കഴിഞ്ഞ് നാലുമണിയോടെ തിരികെയെത്തും. ''തുടർപഠനമൊന്നും എന്റെ മനസ്സിലില്ല. നമുക്കാവശ്യമുള്ള കുറച്ച് കാര്യങ്ങളുണ്ടല്ലോ. അതൊക്കെ പഠിച്ചാൽ മതി. കംപ്യൂട്ടർ പഠിക്കണം. പറ്റുന്ന സമയത്ത് നമുക്ക് ആഗ്രഹമുള്ള കാര്യങ്ങൾ നേടിയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. അതുപോലെ സാമ്പത്തികമായിട്ട് സ്വയം പര്യാപ്തമാണെങ്കിൽ നമുക്ക് മറ്റാരെയും ആശ്രയിക്കേണ്ടിവരില്ല. ഞാനോർക്കാറുണ്ട് എനിക്ക് മുൻപുള്ള ഏതെങ്കിലും ടീച്ചർമാർ ഇങ്ങന പഠിക്കാൻ തയ്യാറായിരുന്നെങ്കിൽ എനിക്ക് കുറച്ചു കൂടി നേരത്തെ പഠിക്കാൻ തുടങ്ങാമായിരുന്നു എന്ന്.''