ഇവിടെ വരൂ, കാലാവസ്ഥാ മാറ്റം കുട്ടികൾ പറഞ്ഞു തരും; ഉദ്ഘാടനത്തിനൊരുങ്ങി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഒരു പ്രദേശത്തിൻ്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും, കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു.
കോഴിക്കോട്: മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഒരു പ്രദേശത്തിൻ്റെ സൂക്ഷ്മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും, കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവസരം ഒരുക്കുന്നു.
വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനും, പൊതു സമൂഹത്തിന് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിനും, വിവിധ ഗവേഷണ പ്രവർത്തനങ്ങൾക്കും, സർക്കാരിൻ്റെ വിവിധ വകുപ്പുകൾക്ക് ആസൂത്രണ ആവശ്യങ്ങൾക്കും മേപ്പയൂർ സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ശേഖരിക്കപ്പെടുന്ന ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മേലടി ബി.ആർ.സിക്ക് കീഴിൽ പ്ലസ് ടുവിൽ ജ്യോഗ്രഫി വിഷയമായുള്ള മേപ്പയ്യൂർ സ്കൂളിലാണ് നിരീക്ഷണകേന്ദ്രം പ്രാവർത്തികമാക്കിയത്. ഡിസംബർ 20-ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിക്കും. എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ അബ്ദുൽ ഹക്കീം മുഖ്യാതിഥിയാകും.