സിവിൽ സർവീസ്; കോടതി ജോലിക്കൊപ്പം പഠനം, മഹേഷ് കുമാറിന്‍റെ അവസാന റാങ്കിന് (1016) തിളക്കമേറെ
മഹേഷ് കുമാറിന്‍റെ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹത്തിന് സിവില്‍ സർവീസ് പരിക്ഷ പാസാകാന്‍ കഴിഞ്ഞത്. ആദ്യ രണ്ട് തവണയും റാങ്ക് പട്ടികയില്‍ ഇടം ലഭിച്ചില്ല.
സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏറെ നാളത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിലര്‍ ആദ്യ ശ്രമത്തില്‍ വിജയിച്ചപ്പോള്‍ മറ്റ് ചിലര്‍ നിരന്തര പരിശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് യോഗ്യത നേടി. അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് മറ്റൊരു വിജയം. അങ്ങ് ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ മഹേഷ് കുമാറിന്‍റെ (റോള്‍ നമ്പര്‍ 1543882) വിജയം. കാര്യം സിവില്‍ സർവീസിലെ ഏറ്റവും ഒടുവിലത്തെ റാങ്കാണ് മഹേഷ് കുമാറിന് ലഭിച്ചത്, 1016 -ാം റാങ്ക്. പക്ഷേ ആ റാങ്കിന് ഒന്നാം റാങ്കിന്‍റെ തിളക്കമുണ്ടെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. അതിന് കാരണമുണ്ട്.
മഹേഷ് കുമാറിന്‍റെ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹത്തിന് സിവില്‍ സർവീസ് പരിക്ഷ പാസാകാന്‍ കഴിഞ്ഞത്. ആദ്യ രണ്ട് തവണയും റാങ്ക് പട്ടികയില്‍ ഇടം ലഭിച്ചില്ല. ഒടുവില്‍ മൂന്നാം ശ്രമത്തില്‍ അദ്ദേഹം വിജയിച്ചു. മുഴുവന്‍ സമയ പഠിതാവായിരുന്നില്ല മഹേഷ് കുമാര്‍. രാവിലെ മുതല്‍ വൈകീട്ടുവരെ അദ്ദേഹം ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ കോടതിയിൽ ബെഞ്ച് ക്ലാർക്കായി ജോലി ചെയ്യും. വൈകീട്ട് വീട്ടിലെത്തിയ ശേഷം പഠനം. ഇങ്ങനെ നിരന്തരമായ ശ്രമത്തിനൊടുവിലാണ് മഹേഷ് കുമാറിന് മെറിറ്റ് ലിസ്റ്റില്‍ അവസാന റാങ്കുകാരനായി ഇടം തേടാനായത്.
വലം കൈ അപകടത്തിൽ നഷ്ടമായി, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്; വജ്രശോഭയുള്ള ജയം
മുസാഫർപൂർ ജില്ലയിലെ തുർക്കി ഖരത് ഗ്രാമവാസിയാണ് മഹേഷ് കുമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള മഹേഷ് കുമാറിന് ജോലി ചെയ്യാതെ പഠനം മാത്രമായി കൊണ്ട് പോകാന്‍ കഴിയുമായിരുന്നില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി അത്രയ്ക്ക് മോശമായിരുന്നു. അതിനാല്‍ അദ്ദേഹം ആദ്യം സ്വന്തമായി ഒരു ജോലി നേടി, ജില്ലാ കോടതിയിൽ ബെഞ്ച് ക്ലാർക്കായി. പിന്നെ ജോലി ചെയ്ത് കൊണ്ട് തന്‍റെ ജീവിതാഭിലാഷത്തിനായി പഠിച്ചു. ഒടുവില്‍ മൂന്നാമത്തെ ശ്രമത്തില്‍ അദ്ദേഹം വിജയം കണ്ടു. ഷെയ്ഖ്പുര ജില്ലാ കോടതിയിലെ ജില്ലാ ജഡ്ജി പവന് കുമാർ പാണ്ഡെ അടക്കം കോടതി ജീവനക്കാരെല്ലാം മഹേഷിനെ അഭിനന്ദിച്ചു. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. മഹേഷ് കുമാര്‍ തന്‍റെ അവസാന ശ്രമത്തിലാണ് റാങ്ക് നേട്ടം കൈവരിച്ചതെന്ന് ചില ഹിന്ദി ഓണ്‍ലൈനുകള്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.