സ്‌കൂൾ മേളകൾക്ക് ലോഗോ ക്ഷണിച്ചു; സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15
ശാസ്ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം.
തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ മൂന്ന്,നാല്,അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ തയ്യാറാക്കി നൽകാം. ശാസ്ത്രോത്സവം,കലോത്സവം,കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവർക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം.
ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉൾപ്പെടുത്തിവേണം ലോഗോ തയ്യാറാക്കാൻ. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്ടോബർ 15 വൈകിട്ട് 5 മണിയ്ക്ക് മുൻപ് തപാലിൽ ലഭ്യമാക്കണം. വിലാസം: സി എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 695 014.
ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികൾക്കു പുരസ്‌കാരങ്ങൾ
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/ കളർ പെയിന്റിംഗ് തുടങ്ങിയ കലാ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ പ്രസ്തുത സൃഷ്ടികളുടെ നാല് പകർപ്പുകൾ സ്വന്തം രചന/ സഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 20ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന കലാസൃഷ്ടികൾ അവാർഡിനായി പരിഗണിക്കില്ല.