ലിറ്റിൽ കൈറ്റ്സ് ക്യാംപ്; റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍; ഈ വര്‍ഷം ഹൈസ്‌കൂളുകളില്‍ റോബോട്ടിക് ലാബുകള്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി. ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിംഗും പരിശീലിക്കുന്നു.

little kites  two days camp with robotics and home automation

തിരുവനന്തപുരം: നൂതന സാങ്കേതിക സംവിധാനങ്ങളായ (robotics) റോബോട്ടിക്‌സ്, (home automation) ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന (two days little kites camp) ദ്വിദിന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 1292 പേരില്‍ നിന്നും തിരഞ്ഞെടുത്ത 100 പേരാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇടപ്പള്ളി കൈറ്റ് ജില്ലാ കേന്ദ്രം മേഖല റിസോഴ്‌സ് സെന്ററില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് ജില്ലാക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളെ സജ്ജമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. 3.1 ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷയിലും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിനും പരിശീലനം നല്‍കിയ മാതൃകയില്‍ ഇതു നടപ്പാക്കും. ഈ വര്‍ഷം തന്നെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലും റോബോട്ടിക് ലാബ് സംവിധാനവും നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കുന്നത്. റാസ്പ്‌ബെറി പൈ കമ്പ്യൂട്ടര്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനു പരിശീലനത്തില്‍ ഉപയോഗിക്കുന്നു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, 3ഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, 3ഡി അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുന്നു.

മൊബൈല്‍ ആപ്പ് നിര്‍മ്മാണം, റാസ്പ്‌ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ് വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്‌നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക്റ്റിവിറ്റി തയാറാക്കുന്നതിനുള്ള ലഘു ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിംഗ് മേഖലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പരിചയപ്പെടുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി. ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ്‍ പ്രോഗ്രാമിംഗും പരിശീലിക്കുന്നു.

സമാപന ദിവസമായ ഞായറാഴ്ച്ച(ജൂലൈ 17) ഉച്ചകഴിഞ്ഞ്  3.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദര്‍ശനവും ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ ഉണ്ടായിരിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios