ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പുകള്‍ ജൂലൈ 16, 17 തീയതികളിൽ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ അറിയാം

മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ഉപകരണങ്ങള്‍, ത്രിഡി കാരക്ടര്‍ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നല്‍കുന്നത്. 

little kites district camps held july 16 and 17

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവര്‍ത്തിക്കുന്ന (little kites) ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എജുക്കേഷന്റെ (KITE) (കൈറ്റ്) നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളില്‍ നടക്കും. മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ഉപകരണങ്ങള്‍, ത്രിഡി കാരക്ടര്‍ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 14000 പേരില്‍ നിന്നും പ്രോഗ്രാമിങ്, ത്രിഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് ജില്ലാക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.

സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‍വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് (ഡൈനിങ് ടേബിള്‍, ഗ്ലാസ്, കപ്പ്, സോസര്‍, ഫ്രൂട്ട് ബാസ്‍ക്കറ്റ്, ഡൈനിങ് ഹാള്‍ മുതലായ ത്രിഡി മോഡലുകളുടെ നിര്‍മ്മാണം), ത്രീഡി കാരക‍്ടർ അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഞായറാഴ്ച 03.30 ന് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പായ കോട്ടണ്‍ഹില്‍ സ്കൂള്‍ സന്ദര്‍ശിച്ച് പതിനാല് ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.

വിദ്യാര്‍ഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ജൂലൈ 17, ഞായറാഴ്ച വൈകിട്ട്‍ 3.00 മണിയ്ക്ക് പതിനാല് ജില്ലാ ക്യാമ്പുകളിലും ഒരുക്കിയിട്ടുണ്ട്. ഇത് കാണുന്നതിന് പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ.‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങള്‍ കൈറ്റ് വെബ് സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios