മണിപ്പൂർ കലാപത്തീയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നവർ; ഇനി ആരും ഭയപ്പെടുത്തില്ല, കേരളത്തിൽ സ്വസ്ഥമായി പഠിക്കാം
ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂർ വിദ്യാർഥി സംഘം കണ്ടിരുന്നു
കണ്ണൂർ: മണിപ്പൂർ കലാപത്തെത്തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നവർക്ക് കേരളത്തിന്‍റെ കരുതലും സ്നേഹവും. കലാപം രൂക്ഷമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ കേരളം സൗകര്യമൊരുക്കി. കേരളത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങി മണിപ്പൂരിൽ നിന്നുള്ള ആദ്യ സംഘം കണ്ണൂരിൽ എത്തി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവർ മണിപ്പൂരിൽ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിച്ചു. സ്വീകരണത്തിന്‍റെയടക്കം വിവരങ്ങൾ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂർ വിദ്യാർഥി സംഘം കണ്ടിരുന്നു. ഇതിനെതുടർന്നാണ് ഈ വിദ്യാർഥികൾക്ക് കേരളത്തിൽ പഠന സൗകര്യം ഒരുങ്ങിയത്. മണിപ്പൂരിൽ നിന്നുള്ള ആറംഗ സംഘമാണ് ഇപ്പോൾ കേരളത്തിലെത്തിയിട്ടുള്ളത്. സർവ്വകലാശാല അധികൃതരോടൊപ്പമാണ് ആദ്യ സംഘത്തെ സ്വീകരിച്ചതെന്ന് ശൈലജ വിവരിച്ചു. വരും ദിവസങ്ങളിൽ മറ്റുള്ളവരും കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേക്ക് തുടർപഠനത്തിനായി എത്തുമെന്നും അവർ അറിയിച്ചു.
കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്
മണിപ്പൂരിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. കലാപം രൂക്ഷമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികളാണ് കേരളത്തിലെ വിവിധ സർവകലാശാലകളിൽ തുടർപഠനത്തിനായി എത്തുന്നത്. കഴിഞ്ഞ ദിവസം 67 പേരടങ്ങുന്ന മണിപ്പൂർ വിദ്യാർത്ഥി സംഘം കേരളത്തിൽ പഠന സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദില്ലി കേരളാ ഹൗസിൽ മുഖ്യമന്ത്രിയെ കണ്ടത്. ആറു പേരടങ്ങുന്ന സംഘമാണ് ആദ്യമെത്തിയത്. സർവ്വകലാശാല അധികൃതരോടൊപ്പമാണ് ആദ്യസംഘത്തെ സ്വീകരിച്ചത്. വരും ദിവസങ്ങളിൽ മറ്റുള്ളവരും കേരളത്തിലെ വിവിധ സർവ്വകലാശാലകളിലേക്ക് തുടർപഠനത്തിനായി എത്തും.
അതേസമയം മാസങ്ങളായി തുടരുന്ന മണിപ്പൂരിലെ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിൽ കലാപം രൂക്ഷമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം