യുവജനതയുടെ പ്രിയ തൊഴിലിടം? കേരളം തന്നെ, സംശയമെന്തെന്ന് ഇന്ത്യ സ്കിൽസ് റിപ്പോർട്ട്; പൊളി തലസ്ഥാനവും കൊച്ചിയും!
പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി
തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രംഗത്ത് ഇറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തിലെന്ന് ഏറ്റവും പുതിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്. 18-21 പ്രായക്കാരില്‍ ഏറ്റവും തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനവും കേരളത്തിനാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളില്‍ കൊച്ചി രാജ്യത്ത് രണ്ടാമതും തിരുവനന്തപുരം നാലാമതുമെത്തി. ഏറ്റവും കൂടുതല്‍ വനിതകള്‍ തൊഴില്‍ ചെയ്യാനിഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. നഗരങ്ങളിലെ 18-21 പ്രായപരിധിയിലുള്ളവരുടെ തൊഴില്‍ക്ഷമതയിലും തിരുവനന്തപുരം മൂന്നാം സ്ഥാനത്തോടെ മികവ് തെളിയിച്ചു. കമ്പ്യൂട്ടര്‍ നൈപുണിയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിന്റെ നൈപുണ്യ പരിശീലനത്തിലെ മികവിനാണീ ദേശീയാംഗീകാരം ലഭിച്ചിരിക്കുന്നത്.
മാസം 15000 പോക്കറ്റിലിരിക്കും, ഇൻ്റേൺഷിപ്പ് അസാപ് കേരള വഴി; വേഗമാകട്ടെ, വിവിധ തസ്തികകളിൽ ഒഴിവുകൾ
രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴില്‍ക്ഷമത ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷം ഇത് 50.3 ശതമാനമായിരുന്നു. ഈ പുരോഗതിയ്ക്ക് സംഭാവന ചെയ്തതിലും കേരളത്തിന് വലിയ പങ്കുണ്ട്. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഗൂഗ്ള്‍, സിഐഐ, എഐസിടിഇ, എഐയു, ടാഗ്ഡ് എന്നിവരുമായി ചേര്‍ന്ന് വീബോക്‌സ് വിപുലമായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് എന്‍.സി.വി.ഇ.ടി ചെയര്‍മാന്‍ ദല്‍ഹിയില്‍ ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.
വിവിധ നൈപുണ്യ വിഭാഗങ്ങളില്‍ ഉയര്‍ന്ന പ്രതിഭകളുടെ ലഭ്യതയില്‍ കേരളം മുന്‍നിരയിലുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കുള്ള പ്രധാന കേന്ദ്രമെന്ന കേരളത്തിന്റെ നില കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്ക്. സാങ്കേതിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന വിധത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കംപ്യൂട്ടര്‍ നൈപുണ്യത്തില്‍ ഉയര്‍ന്ന മുന്നേറ്റം കൈവരിച്ചതിനെ റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നു. പ്രായോഗിക പഠനത്തോട് പ്രതിബദ്ധതയുള്ള, വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിന് പേരുകേട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനമായും കേരളത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഫ്യുച്ചറിസ്റ്റിക് സ്‌കില്‍സിലും പൊതുവിജ്ഞാനത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളം, വിദ്യാഭ്യാസത്തോടുള്ള സന്തുലിതസമീപനം കാണിക്കുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അറിവ് പകര്‍ന്നുനല്‍കുക മാത്രമല്ല, ഭാവിയിലെ തൊഴില്‍ വിപണിയില്‍ നിര്‍ണ്ണായകമായ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ പാഠ്യപദ്ധതിയ്ക്ക് കേരളത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് പാര്‍ട്ണറായ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയ്ക്കുള്ള പ്രത്യേക അഭിനന്ദനമാണിത്.
ഐ ടി, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍നൈപുണ്യമുള്ളത്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമര്‍ശനാത്മക ചിന്ത എന്നീ നൈപുണ്യങ്ങളില്‍ കേരളത്തിലെ 18-29 പ്രായഗണത്തിലുള്ള യുവജനങ്ങള്‍ രാജ്യത്തു തന്നെ ഏറ്റവും മുന്നിലാണ്. വിവിധ വ്യവസായ മേഖലകള്‍ക്ക് ആവശ്യമായ വിധത്തില്‍ വേഗത്തില്‍ ഇണങ്ങുന്ന തൊഴില്‍നൈപുണ്യമുള്ളവരാണിവരെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.
നൈപുണ്യ പരിശീലനത്തിലും വികസനത്തിലും സര്‍ക്കാര്‍ തലത്തില്‍ മികച്ച പദ്ധതികളാണ് കേരളത്തില്‍ നടന്നു വരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള സംസ്ഥാനത്ത് യുവജനങ്ങളുടേയും വിദ്യാര്‍ത്ഥികളുടേയും തൊഴില്‍ക്ഷമതയും നൈപുണ്യവും വികസിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും സ്‌കില്‍ ഇന്ത്യ റിപ്പോര്‍ട്ട് 2024 പറയുന്നു. ജോലിക്കൊപ്പം തന്നെ തൊഴില്‍ പരിശീനം നല്‍കുന്ന കോഴ്സുകളും ഇന്റേണ്‍ഷിപ്പുകളും അസാപിന്റെ സവിശേഷതയാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഹയര്‍ സെക്കണ്ടറി തലത്തില്‍ 2.5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് നൈപുണ്യ പരിശീലനം നല്‍കിയതും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. സംസ്ഥാനത്തുടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളും അവിടങ്ങളിലെ സെന്റേഴ്‌സ് ഓഫ് എക്സലന്‍സും നൂതന സാങ്കേതിക വിദ്യകളില്‍ പരിശീലനം ലഭ്യമാക്കുന്നതില്‍ രാജ്യത്തു തന്നെ മികച്ച മാതൃകകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിന്റെ ഉയരുന്ന ഉന്നതവിദ്യാഭ്യാസത്തിനും, വളരുന്ന തൊഴില്‍ശക്തിയ്ക്കും നേടിയെടുത്ത തിളക്കമാര്‍ന്ന മാതൃകയ്ക്കാണ് ഈ ദേശീയ അംഗീകാരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം