'ഇനി ഒരു തിരിച്ചുവരവ്...', വേദനയോടെ അന്ന് ഡോക്ടർ പറഞ്ഞു; പക്ഷേ തോൽക്കാൻ മനസില്ലാത്ത ഷെറിൻ്റെ ഉജ്ജ്വല വിജയം!
തന്‍റെ ഇരുപത്രണ്ടാമത്തെ വയസിൽ ജീവിത സ്വപ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയതാണ് ഷെറിൻ ഷഹാന
കൽപ്പറ്റ: വീൽചെയറിൽ ഇരുന്ന് സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടം കൊയ്തിരിക്കുകയാണ് ഷെറിൻ ഷഹാന. അപകടങ്ങൾ പിന്തുടർന്ന് തളർത്തിയെങ്കിലും ജീവിതവുമായി സമരസപ്പെടാൻ ഒരുക്കമായിരുന്നില്ല ഈ വയനാട്ടുകാരി. വയനാട് കമ്പളക്കാടിലെ ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന പെൺകുട്ടി. തന്‍റെ ഇരുപത്രണ്ടാമത്തെ വയസിൽ ജീവിത സ്വപ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയതാണ് ഷെറിൻ ഷഹാന. 6 വർഷം മുൻപ് വീട്ടിലെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റു. രണ്ട് വാരിയെല്ലുകൾ പൊട്ടി. ഓർമ പോലും നഷ്ടമായ ഷെറിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു.
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി ഷെറിൻ അതിജീവിച്ചു. എല്ലാം ഒന്നിൽ നിന്ന് തുടങ്ങി. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിൻ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോൾ സിവിൽ സർവീസിൽ 913 റാങ്കും നേടിയെടുക്കാനായത്. വിധിയെ തോൽപ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടം ഷെറിനെ തേടിയെത്തി. മെയ് 16 ന് താമരശ്ശേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു. ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം സിവിൽ സർവീസ് റാങ്ക് പട്ടികയിൽ കേരളത്തിൽ നിന്ന് ഇക്കുറി ഏറ്റവും മുന്നിലെത്തിയത് ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ്. പ്രത്യേക പരിശീലനമൊന്നും നേടാതെ, കോച്ചിങിന് പോകാതെ, സ്വയം നിലയിൽ പഠിച്ച് പരീക്ഷയെഴുതിയാണ് രണ്ടാമത്തെ ശ്രമത്തിൽ ഗഹന സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്. ചെറുപ്പം മുതൽ സിവിൽ സർവീസ് ലക്ഷ്യമിട്ട് നടത്തിയ യാത്രയാണ് ഈ 25 വയസുകാരിയെ ഇത്തവണ ലക്ഷ്യത്തിലെത്തിച്ചിരിക്കുന്നത്. പാലാ മുത്തോലി സ്വദേശിയാണ് ഗഹന നവ്യ ജെയിംസ്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി പാസാകാതിരുന്ന ഗഹന, പിന്നീട് കഠിനാധ്വാനത്തിലൂടെ രണ്ടാമത്തെ ശ്രമത്തിൽ ലക്ഷ്യം നേടുകയായിരുന്നു. ഐ എ എസല്ല, മറിച്ച് ഐ എഫ് എസാണ് തന്റെ ആദ്യ പരിഗണനയെന്നും ഗഹന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.