തിരുവനന്തപുരം ജില്ലയിലെ അവധിക്ക് പിന്നാലെ കേരള സർവകലാശാലയിലെ മൊത്തം വിദ്യാർഥികൾക്കും അറിയിപ്പ്, പരീക്ഷ മാറ്റി
നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും കേരള സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ അവധി അറിയിപ്പ്
തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
കോട്ടയത്ത് നിയന്ത്രിത അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ബുധനാഴ്ച (2023 ഒക്ടോബർ 4) അവധി പ്രഖ്യാപിച്ച് ഉത്തരവായി.
പിഎസ്‍സി പരീക്ഷകളും മാറ്റി
കനത്ത മഴയെ തുടരുന്നതിനാല്‍ പിഎസ് സി പരീക്ഷകളും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം