Kerala Job 25 JUN 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ, വെറ്ററിനറി സർജൻ
കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ (kerala women commission) ഒഴിവുള്ള ഒരു (office attendant) ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലൈ 12നകം ലഭിക്കണം.
വെറ്ററിനറി സർജൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ് (പത്തോളജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 1ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹൊം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30ന് രാവിലെ 10ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.