സർക്കാർ അവകാശവാദം പൊളിഞ്ഞോ? സ്കൂൾ തുറന്നിട്ട് രണ്ട് മാസം, ഇനിയും കുട്ടികളുടെ കണക്ക് പുറത്തുവിടാതെ കേരളം
എന്നാൽ സർക്കാർ അവകാശം വാദം പൊളിയും വിധം എണ്ണം കുറഞ്ഞതാണോ കണക്ക് പുറത്ത് വിടാതിരിക്കാനുള്ള കാരണമെന്നും സൂചനയുണ്ട്. ഒന്നാം ക്ലാസിൽ ഇത്തവണ പ്രതീക്ഷിച്ചപോലെ കുട്ടികളെത്തിയോ എന്നാണ് സംശയം.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും കുട്ടികളുടെ കണക്ക് പുറത്തുവിടാതെ സർക്കാർ. എണ്ണം കുറഞ്ഞത് മൂലം മൂടിവെക്കുകയാണോ എന്ന സംശയം ബാക്കിയാണ്. കണക്കെടുത്തിട്ടും വിവരം മറച്ചുവെക്കുന്നതിന്റെ കാരണം വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നില്ല.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയതാണ് ഇതുവരെ ഏറ്റവും വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടിയിരുന്നത്. ഇത്തവണ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചും മുഖ്യമന്ത്രി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ഇത്തവണ ജൂൺ ഒന്നിന് സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസം കണക്കെടുത്തിട്ടും കണക്ക് ഇതുവരെ പുറത്തുവിടുന്നില്ല. എന്താണതിന് കാരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും, പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി പുതുച്ചേരി
പ്രവേശന സമയത്ത് കുട്ടികൾ നൽകിയ ആധാർ വിവരങ്ങൾ പരിശോധിക്കാൻ സമയമെടുക്കുന്നുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ അവകാശം വാദം പൊളിയും വിധം എണ്ണം കുറഞ്ഞതാണോ കണക്ക് പുറത്ത് വിടാതിരിക്കാനുള്ള കാരണമെന്നും സൂചനയുണ്ട്. ഒന്നാം ക്ലാസിൽ ഇത്തവണ പ്രതീക്ഷിച്ചപോലെ കുട്ടികളെത്തിയോ എന്നാണ് സംശയം. മുൻ വർഷം ഒന്നാം ക്ലാസിലെത്തിയത് 3,03,168 കുട്ടികളായിരുന്നു, കഴിഞ്ഞ വർഷം രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് 1,19,970 കുട്ടികളാണ് അധികമായെത്തിയത്. അൺ എയ്ഡഡ് മേഖലയിൽ നിന്നടക്കമുള്ള വരവിന് വലിയ പ്രചാരണമാണ് സർക്കാർ ആകെ നൽകിയത്. ഇത്തവണ കണക്ക് കുറഞ്ഞാൽ എന്ത് പറയും എന്ന പ്രതിസന്ധിയും വിദ്യാഭ്യാസവകുപ്പ് നേരിടുന്നുണ്ട്. കുട്ടികളെ എത്തിക്കാൻ പല പദ്ധതികളുണ്ടായിട്ടും കുറഞ്ഞാൽ വിമർശനം ഉയരുമെന്ന് കണ്ടാണോ മറച്ചുവെക്കൽ എന്ന് വ്യക്തമല്ല. തസ്തിക നിർണ്ണയത്തിലും പ്രശ്നമുണ്ട്. പല തരം സർക്കുലറുകൾ ഇറങ്ങിയെങ്കിലും തസ്തിക നിർണ്ണയവും നീളുകയാണ്.