KSUM : സ്റ്റേറ്റ്സ് സ്റ്റാർട്ട് അപ് റാങ്കിംഗിൽ ടോപ് പെർഫോർമർ പുരസ്കാരം കേരളത്തിന്
കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമുകാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പങ്കിട്ടു.
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലയിലെ (kerala start up mssion) മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം (top performer) തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാരത്തിന് കേരളം അര്‍ഹമായത്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്‍റെ (ഡിപിഐഐടി) സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്‍റെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏര്‍പ്പെടുത്തിയത്.
കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഉദ്യോഗസ്ഥര്‍ പുരസ്കാരം ഏറ്റുവാങ്ങി. കെഎസ് യുഎം ഫണ്ടിംഗ് - ഇവാന്‍ഞ്ചലൈസേഷന്‍ - ഗ്ലോബല്‍ ലിങ്കേജസ് ഡയറക്ടര്‍ റിയാസ് പിഎം, ബിസിനസ് ലിങ്കേജസ്-സ്റ്റാര്‍ട്ടപ്പ് ലൈഫ് സൈക്കിള്‍-ഐടി മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ഗവണ്‍മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് പ്രോഗ്രാം മേധാവി വരുണ്‍ ജി എന്നിവര്‍ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.
സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പങ്കാളികള്‍ക്കും ഇത് അഭിമാന നിമിഷമാണെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടേയും കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റേയും പ്രതിഫലനമാണ് പുരസ്കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമുകാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പങ്കിട്ടു. ഉല്‍പ്പന്ന രൂപകല്‍പ്പനയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഡിജിറ്റല്‍ ഹബ്ബായി കെഎസ് യുഎമ്മിനെ പോലുള്ള ദൗത്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിപോഷിപ്പിക്കുന്നതിനെ വിദഗദ്ധസമിതി പ്രകീര്‍ത്തിച്ചു. പ്രാദേശിക ഭാഷകളിലെ വിവര വിനിമയത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ് വകുപ്പ്, കായിക- യുവജനകാര്യ കാര്യാലയം തുടങ്ങി പത്തിലധികം സര്‍ക്കാര്‍ വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തിട്ടുണ്ട്.
കാര്യശേഷിയിലെ മാര്‍ഗദര്‍ശി, സംഭരണത്തിലെ മികവ്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാമ്പ്യന്‍ എന്നീ നിലകളിലും വിദഗ്ധസമിതി സംസ്ഥാനത്തെ അഭിനന്ദിച്ചു. രജിസ്റ്റര്‍ ചെയ്ത 3800 സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമേ വനിതകള്‍ നേതൃത്വം നല്‍കുന്ന ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണയിലേക്കുള്ള പ്രാപ്യത, നൂതനത്വ - സംരംഭകത്വ പരിപോഷണം, ഇന്‍കുബേഷന്‍, മാര്‍ഗനിര്‍ദേശം, ഫണ്ടിംഗ് പിന്തുണ, കാര്യനിര്‍വ്വഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വന്‍തോതിലുള്ള തൊഴിലവസരങ്ങളും കണക്കിലെടുത്ത് രാജ്യത്ത് നൂതനത്വവും സ്റ്റാര്‍ട്ടപ്പുകളും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016 ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ആണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രൂപീകരിച്ചത്.