വെറും രണ്ട് മാസം, പണി പോയത് 34,300 പേരുടെ; അവിടെയും ഒന്നും അവസാനിക്കില്ല, ഭീതി നിറയ്ക്കുന്ന റിപ്പോർട്ട്

ആയിരക്കണക്കിന് ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായിരുന്നു ഈ ശ്രേണിയിലെ ഏറ്റവും ഹോട്ട് ടോപിക്ക്. ഹാര്‍ഡ് വെയര്‍, ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എഞ്ചിനീയേഴ്‌സ് തുടങ്ങിയവരാണ് പിരിച്ചുവിടലിന് ഇരയായത്

just two months lost 34300 job more to come  terrifying report btb

മഹാമാരിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് ജോലിസ്ഥലങ്ങളിലെ കൂട്ടപ്പിരിച്ചുവിടലുകളും തൊഴില്‍ നഷ്ടവുമെല്ലാം. കൊവിഡിന് ശേഷം കരകയറാത്ത ആഗോള സാമ്പത്തിക രംഗം ഇതാ വീണ്ടുമൊരു പിരിച്ചുവിടല്‍ കാലത്തിലേക്ക് കടന്നിരിക്കുകയാണ്. 2024 ആരംഭിച്ചതുതന്നെ ടെക് മേഖലയില്‍ പിരിച്ചുവിടല്‍ ട്രെന്റോടെയായിരുന്നു. ടെക് ഇന്‍ഡസ്ട്രിയിലെ പിരിച്ചുവിടലുകള്‍ നിരീക്ഷിക്കുന്ന ലേ ഓഫ്‌സ്  എഫ് വൈ ഐ എന്ന വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം 2024 ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴേക്ക് 141 കമ്പനികളില്‍നിന്നായി 34,300 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇത് അത്ര നിസാരമായി കാണാനാവുന്നതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ആയിരക്കണക്കിന് ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായിരുന്നു ഈ ശ്രേണിയിലെ ഏറ്റവും ഹോട്ട് ടോപിക്ക്. ഹാര്‍ഡ് വെയര്‍, ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എഞ്ചിനീയേഴ്‌സ് തുടങ്ങിയവരാണ് പിരിച്ചുവിടലിന് ഇരയായത്. ഈ വര്‍ഷം കൂടുതല്‍ പേരെ ഗൂഗിള്‍ പുറത്താകുമെന്നാണ് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ അറിയിച്ചിരിക്കുന്നത്. വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍നിന്നും നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. 

ആമസോണും മെറ്റയുമടക്കം ഈ ലിസ്റ്റിലുണ്ട്. ആമസോണിന്റെ ഓണ്‍ലൈന്‍ ഓഡിയോ-പോഡ്കാസ്റ്റ് സംവിധാനമായ ഓഡിബിള്‍ അതിന്റെ അഞ്ച് ശതമാനം വര്‍ക്ക്‌ഫോഴ്‌സ് വെട്ടിക്കുറിച്ചു. വീഡിയോ സ്ട്രീമിങ്-സ്റ്റുഡിയോ ഓപ്പറേഷനുകളിലെ നൂറുകണക്കിന് പേരെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചില്‍നിന്നും 35 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ബ്ലൂംബര്‍ഗ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ടെക് ഭീമനായ സിസ്‌കോ വരും ആഴ്ചകളിലായി നാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ റെന്റല്‍ പ്ലാറ്റ്‌ഫോമായ ഫ്രണ്ട്ഡസ്‌ക് ആണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ലെ പിരിച്ചുവിടലുകള്‍ക്ക് തുടക്കമിട്ടത്. 2 മിനുട്ട് നീണ്ടുനിന്ന ഗൂഗിള്‍ മീറ്റിലൂടെ 200 പേരെ ഈ ടെക് സ്റ്റാര്‍ട്ട്അപ്പ് പിരിച്ചുവിട്ടു. സ്വിഗ്ഗി, ഫ്‌ളിപ്കാര്‍ട്ട്, കള്‍ട്ട് ഫിറ്റ്, പേടിഎം തുടങ്ങിയവയാണ് പിരിച്ചുവിടലില്‍ മുമ്പന്തിയിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 1,187 ടെക് കമ്പനികളില്‍നിന്നായി രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായി. 

സാമ്പത്തിക പ്രതിസന്ധി ആരംഭഘട്ടത്തില്‍ കരുതിയടിരുന്നതിനേക്കാള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനാലാണ് കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടലിലേക്ക് കടന്നതെന്നാണ് സൂചന. കൊവിഡ് പ്രതിസന്ധികാലത്തിന് സമാനമായ പിരിച്ചുവിടല്‍ ഉണ്ടായേക്കില്ലെന്ന പ്രതീക്ഷ ഈ മേഖലയിലെ ചില വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. എന്നിരുന്നാലും 2024 പിരിച്ചുവിടല്‍ കാലം ആയിരിക്കും എന്നുതന്നെയാണ് വര്‍ഷാദ്യത്തിലെ ട്രെന്‍ഡ് നല്‍കുന്ന സൂചന. 

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പിരിച്ചുവിടലുകള്‍ക്ക് കാരണമായി കമ്പനി മേധാവികള്‍ ചൂണ്ടിക്കാണിക്കുന്നത്. സമാനമായ അഭിപ്രായം മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു. ചെറുതായി തുടരാനുള്ള പ്രവണതയിലേക്ക് കൊവിഡിന് ശേഷം കമ്പനികള്‍ കടന്നെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുക എന്ന സ്ട്രാറ്റജി പൊതുവില്‍ അംഗീകരിക്കപ്പെട്ടതാവാം ഇതിലേക്ക് വഴിവെച്ചത്. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ എഐ വലിയ റോള്‍ വഹിക്കുന്നില്ലെന്നാണ് സക്കര്‍ബര്‍ഗിന്റെ ഭാഷ്യം. മെറ്റയിലെ പിരിച്ചുവിടലിന് എഐ കാരണമായിട്ടില്ലെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. 

കൊവിഡ് കാലത്ത് ഇ കൊമേഴ്‌സ് മേഖലയിലടക്കം വന്‍ കുതിച്ചുചാട്ടം സംഭവിച്ചിരുന്നു. മഹാമാരിക്കാലം കഴിഞ്ഞതോടെ ഈ ട്രെന്‍ഡില്‍ മാറ്റംവന്നു. ഇതോടെ വന്‍കിട ഓണ്‍ലൈന്‍ ബിസിനസുകള്‍ അല്ലാത്തവയൊക്കെ തകര്‍ച്ചയുടെ വക്കിലെത്തി. കൂടാതെ പൊതുവായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ജനം ചെലവുചുരുക്കലിലേക്ക് കടന്നു. ഇതോടെ ഒരു വിഭാഗം ഇ കൊമേഴ്‌സ് കമ്പനികളുടെ പതനം പൂര്‍ത്തിയായി. ഇതാണ് കൊവിഡിന് ശേഷമുണ്ടായ പിരിച്ചുവിടല്‍ സീസണിലേക്ക് വഴിവെട്ടിയ കാരണങ്ങളിലൊന്ന്. ഇതിന് പുറമേയാണ് കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും പുറത്തുകടക്കാനുള്ള കമ്പനികളുടെ ശ്രമവും. 

സാമ്പത്തിക പ്രതിസന്ധിക്കാലത്തെ വെല്ലുവിളികള്‍ മാത്രമല്ല, തൊഴില്‍മേഖകളിലെ സുരക്ഷിതത്വത്തെക്കുറിച്ചും പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം കൂട്ടപിരിച്ചുവിടലുകള്‍. സാമ്പത്തിക നേട്ടമുണ്ടായിട്ടും കമ്പനികള്‍ പിരിച്ചുവിടലുകള്‍ക്ക് സന്നദ്ധരാവുന്നുണ്ട് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. ഗൂഗിളിലെയും മൈക്രോസോഫ്റ്റിലെയും ആമസോണിലെയും മറ്റും വരുമാന നേട്ടം പിരിച്ചുവിടല്‍ ഒഴുവാക്കുന്നതിന് മാനദണ്ഡമായില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

പോസ്റ്റിട്ട് വെറും 20 മിനിറ്റ്, 'കൺഫേം ടിക്കറ്റിൽ അപ്പർ ബർത്തിൽ ഞെരുങ്ങി യാത്ര'; റെയിൽവേയുടെ മിന്നൽ സഹായം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios