ബിരുദധാരിയാണോ? എസ്ബിഐയിൽ 5000 ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 27
സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റിന്റെ 5000-ലധികം ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തെ 15 വ്യത്യസ്‌ത സർക്കിളുകളിലായി ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 5008 തസ്തികകളിലേക്കുള്ള ഓൺലൈൻ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ bank.sbi/careers, sbi.co.in. എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം.
വിജ്ഞാപനമനുസരിച്ച്, പ്രിലിമിനറി പരീക്ഷ ഈ വർഷം നവംബറിൽ നടത്താനും മെയിൻ പരീക്ഷ 2022 ഡിസംബറിലോ 2023 ജനുവരിയിലോ നടത്താനാണ് സാധ്യത. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 1-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ പ്രായമുണ്ടായിരിക്കരുത്. സംവരണ വിഭാഗത്തിലുളളവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. SC/ ST/ PwBD/ ESM/DESM വിഭാഗത്തിൽ പെട്ട അപേക്ഷകർക്ക് ഫീസില്ല. ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിലുളള ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് ഫീസ്.
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഓഗസ്റ്റ് 16-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം.