സംസ്ഥാന വിവര - പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം
വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുമാണ് രൂപീകരിക്കുന്നത്.
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ absoluteprism@gmail.com എന്ന ഇ-മെയില്‍ അഡ്രസില്‍ സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദവും ജേർണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലാ ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർദ്ധ - സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 വയസ്.
2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്.
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി അടുത്ത മാസം 18
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയാണ് കോഴ്‌സുകൾ.
പട്ടികജാതി, പട്ടികവർഗം, മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോമിന്റെ വില 100 രൂപ. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2347209, 2447328 , http://www.captkerala.com/
Read also: ഒരേ ദിവസം തുടങ്ങിയ ഗവേഷണം, മദ്രാസ് ഐഐടിയിൽ നിന്ന് ഒരേ ദിവസം ഡോക്ടറേറ്റ് നേടി മലയാളി ദമ്പതികൾ!